ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക്കിന്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. മോർപൻ ലാബോറട്ടറീസ് തങ്ങളുടെ ഹിമാചൽ പ്രദേശിലെ നിർമ്മാണശാലയിലാണ് ഉത്പാദനം ആരംഭിച്ചത്. മോർപൻ ലാബോറട്ടറീസും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ നിർമ്മിക്കുന്ന ആദ്യ ബാച്ച് ഗുണനിലവാര പരിശോധയ്ക്കുവേണ്ടി ഗമേലിയ സെന്ററിലേക്ക് അയക്കും.

സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ 2021 ജൂണിലാണ് ആർ.ഡി.ഐ.എഫും മോർപൻ ലാബോറട്ടറീസും ഒപ്പുവെച്ചത്. മഹാമാരി ഇനിയും അവസാനിക്കാത്തതിനാലും പുതിയതും കൂടുതൽ അപകടകാരികളായ വകഭേദങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലും ഇന്ത്യയിൽ ആർ.ഡി.ഐ.എഫ്. സ്പുട്നിക് വി ഉത്പാദനത്തിന്റെ ശേഷി വർധിപ്പിക്കുകയാണ്- ആർ.ഡി.ഐ.എഫിന്റെ സിഇഒ. കിറിൽ ഡിമിട്രിവ് പറഞ്ഞു. മോർപൻ ലാബോറട്ടറീസുമായുള്ള സഹകരണം കൂടുതൽ സ്പുട്നിക് വാക്സിൻ ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്ലാൻഡ് ഫാർമ, ഹെറേറോ ബയോഫാർമ, പാനസി ബയോടെക്, സ്റ്റെലിസ് ബയോഫാർമ, വിർഷോ ബയോടെക് തുടങ്ങിയ കമ്പനികളുമായും വാക്സിൻ ഉത്പാദനത്തിന് ആർ.ഡി.ഐ.എഫ്. കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കമ്പനികളുമായി സഹകരിക്കുന്നതിലൂടെ ഇക്കൊല്ലം 850 ദശലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.