ലണ്ടൻ: 2022-ൽ പുതിയ ആഗോള റാങ്കിംഗിൽ വീണ്ടും ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്സ്പോർട്ടുകൾ ഏറ്റവും ശക്തമായ പാസ്സ്പോർട്ടുകളായി തുടരുന്നു. ഈ പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്കാണ് വിസ ഇല്ലാതെ യാത്രചെയ്യാൻ കഴിയുന്നത്. 190 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാൻ സഹായിക്കുന്ന ജർമ്മനിയുടെയും ദക്ഷിണകൊറിയയുടെയും പാസ്സ്പോർട്ടുകളാണ് ഇക്കാര്യത്തിൽ രണ്ടാമതുള്ളത്. 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാൻ സഹായിക്കുന്ന ഫിൻലാൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻഎന്നീ രാജ്യങ്ങളുടെ പാസ്സ്പോർട്ടുകൾ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

2020-ലെ റാങ്കിംഗിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബ്രിട്ടന്റെയും അമേരിക്കയുടെയും പാസ്സ്പോർട്ടുകൾ ഇത്തവണ വീണ്ടും പഴയ ആറാം സ്ഥനത്ത് എത്തിയിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലേയും പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് 186 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ രീതിയിൽ യാത്രചെയ്യാൻ സാധിക്കും. 2021-ൽ ഇത് 185 ആയിരുന്നു. അന്ന് ഇരുരാജ്യങ്ങൾക്കും ആഗോള റാങ്കിംഗിൽ ലഭിച്ചത് ഏഴാം സ്ഥാനവും.

എയർ ട്രാൻസ്പോർട്ട് അസ്സോസിയേഷൻ (ഐ എ ടി എ) നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹെൻലി പാസ്സ്പോർട്ട് ഇൻഡക്സാണ് ആഗോള റാങ്കിങ് നടത്തുന്നത്. ഓരോ രാജ്യങ്ങളിലേയും പാസ്സ്പോർട്ടുകൾ ഉള്ളവർക്ക് മുൻകൂട്ടി വിസ എടുക്കാതെ എത്ര രാജ്യങ്ങൾ സന്ദർശിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുന്നത്. 2020-ൽ തൊണ്ണൂറാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ നില മെച്ചപ്പെടുത്തി 83-)0സ്ഥാനത്ത് എത്തിയിട്ടുണ്ട്. 58 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ പാസ്സ്പോർട്ട് ഉള്ളവർക്ക് വിസ ഇല്ലാതെയോ വിസ-ഓൺ അറൈവൽ അടിസ്ഥാനത്തിലോ യാത്രചെയ്യാൻ കഴിയുക.

ഇതിൽ ഏറ്റവും താഴെയുള്ളത് അഫ്ഗാനിസ്ഥാനാണ്. വെറും 26 രാജ്യങ്ങളിലേക്ക് മാത്രമാണ് മുൻകൂട്ടി വിസ എടുക്കാതെ അഫ്ഗാൻ പാസ്സ്പോർട്ട് ഉള്ളവർക്ക് യാത്രചെയ്യാൻ കഴിയുക. കോവിഡ് നിയന്ത്രണങ്ങൾ കണക്കാക്കാതെയാണ് ഈ കണക്കെടുപ്പ് നടത്തിയിട്ടുള്ളത്. പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വിസ ചട്ടങ്ങളിലും ഭേദഗതി ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ഭേദഗതികൾ ഒക്കെയും താത്ക്കാലികമായതിനാലാണ് അവ റാങ്കിംഗിനായി പരിഗണിക്കാത്തത്.

188 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യാവുന്ന ആസ്ട്രിയൻ പാസ്സ്പോർട്ടും ഡെന്മാർക്ക് പാസ്സ്പോർട്ടും, നെതർലാൻഡ്സും സ്വീഡനും നാലാം സ്ഥാനത്ത്എത്തിയപ്പോൾ 187 രാജ്യങ്ങളുമായി അയർലൻഡും പോർച്ചുഗലും അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചു.