കാഞ്ഞങ്ങാട് : നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കാസർ കോട് ജില്ലാ ആശുപത്രിയുടെ കീഴിൽ പത്തു മാസം മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത 'അമ്മയും, കുഞ്ഞും' ആശുപത്രി ഇനിയും തുറന്നില്ല 2019 ഫെബ്രുവരി മൂന്നിന് ആരോഗ്യമന്ത്രിയാണ് കാസർകോട് ജില്ലാ ആശുപത്രിയുടെ കീഴിൽ അമ്മയും, കുഞ്ഞും ആശുപത്രി നിർമ്മിക്കാൻ 4000 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്നുനില ആശുപത്രികെട്ടിടത്തിന് തറക്കല്ലിട്ടത്.

സിവിൽ വർക്കിനും ഇലക്ട്രിക്കൽ വർക്കിനുമായി ആകെ 9.4 കോടി രൂപ തുടക്കത്തിലെ സർക്കാർ പിഡബ്ല്യുഡിക്ക് കൈമാറിയിരുന്നു. എന്നാൽ കെട്ടിടം പണി പൂർത്തിയായിട്ടും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അനാസ്ഥയെ തുടർന്ന് കെട്ടിടം കൈമാറുന്നത് വൈകി. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ഫാർമസി, ഓപ്പറേഷൻ തീയേറ്റർ, ഒ.പി കൗണ്ടർ, വാർഡ് തുടങ്ങിയ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഒന്നും രണ്ടും നിലകളിൽ വാർഡും ഓപ്പറേഷൻ തീയേറ്ററും ഉണ്ട്. എന്നാൽ 2021 ഫെബ്രവരി 8ന് നിയമസഭാതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കൺകെട്ടാൻ തിരക്കിട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കെട്ടിടം ഉദ്ഘാടനം ചെയ്തു. എന്നാൽ ഇന്നും ആ ആശുപത്രി കെട്ടിടം വെറും കെട്ടിടമായി മാത്രമാണ് നിലനിൽക്കുന്നത്. കോടികളുടെ കണക്കുകൾ പറയാം എന്നല്ലാതെ ജനങ്ങൾക്ക് ആശുപത്രി ഉപോയോഗിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ആശുപത്രി തുറക്കാൻ ഇനിയും വൈകിയാൽ കെട്ടിടത്തിന് വീണ്ടും അറ്റകുറ്റ പണികൾ നടത്തേണ്ടി വരും ,

ആരോഗ്യ മേഖലയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായ കാസർകോട് വെറും കെട്ടിടമായി നിലനിൽക്കുന്ന 'അമ്മയും, കുഞ്ഞും ആശുപത്രി തുറക്കാതെ ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും നാട്ടിലെ അമ്മമാരുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് കാസർകോട് മണ്ഡലം എം എൽ എ എൻ.എ നെല്ലിക്കുന്ന് പറയുന്നു . സംസ്ഥാന സർക്കാരും പ്രത്യേകിച്ചു ആരോഗ്യ മന്ത്രിയും കാസർകോട് ജില്ലയോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. കാസർകോട് ജില്ല തന്നെ കേരളത്തിലെയല്ല എന്നുള്ള രീതിയിലാണ് ആരോഗ്യവകുപ്പിന്റെ പെരുമാറ്റം. ഇത് അനുവദിക്കാൻ സാധിക്കില്ല, അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തികൊണ്ട് അമ്മയും കുഞ്ഞും ആശുപത്രി തുറന്നു പ്രവർത്തിക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.