ലഖ്നൗ: ഉത്തർപ്രദേശിൽ അതീവ സുരക്ഷാ മേഖലയിൽ ഇരട്ടക്കൊലപാതകം. ഡൽഹിയിലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ആർ.ഡി. വാജ്പേയിയുടെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്. അക്രമിസംഘം വീട്ടിൽക്കയറി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ മകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിസുരക്ഷാ മേഖലയായ ലഖ്നൗ ഗൗതംപള്ളിയിലെ റെയിൽവേ കോളനിയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗികവസതിയോട് ചേർന്നുള്ള പ്രദേശത്താണ് വെടിവെപ്പ് നടന്ന റെയിൽവേ കോളനിയും സ്ഥിതിചെയ്യുന്നത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കും മക്കൾക്കും നേരേ വെടിയുതിർക്കുകയായിരുന്നു. മകൾ ആദ്യം വീട്ടിലെ ജോലിക്കാരെ വിളിച്ചുപറയുകയും തുടർന്ന് വീട്ടുജോലിക്കാർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി ലഖ്നൗ പൊലീസ് കമ്മീഷണർ സുജീത് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.ജി.പി. എച്ച്.സി. അവസ്തി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.

അതേസമയം, അതിസുരക്ഷാമേഖലയിൽ ഇത്തരമൊരു അക്രമം നടന്നതിൽ സർക്കാരിനെതിരേയും രൂക്ഷവിമർശനമുയർന്നിട്ടുണ്ട്. അതിസുരക്ഷാമേഖലയിലാണ് വീട്ടിൽക്കയറി രണ്ടുപേരെ വെടിവെച്ച് കൊന്നതെന്നും ബിജെപി സർക്കാർ അധികാരത്തിലേറിയത് മുതൽ ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും കോൺഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അടക്കം താമസിക്കുന്ന വിവിഐപി മേഖലയിൽ ലോക്ക്ഡൗണിനിടെയാണ് രണ്ടുപേരെ നിഷ്കരുണം കൊലപ്പെടുത്തിയതെന്നും സംസ്ഥാനത്തെ നിലവിലെ ക്രമസമാധാനനിലയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും ബി.എസ്‌പി. നേതാവ് സുനിൽ സിങ് സാജനും പ്രതികരിച്ചു.