കണ്ണൂർ: മക്കൾക്ക് വിഷം നൽകി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൾക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. കണ്ണൂർ പയ്യാവൂർ പൊന്നുംപറമ്പിൽ സ്വപ്‌നയാണ് ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്. കടബാധ്യതതയെ തുടർന്നാണ് സ്വപ്ന കുഞ്ഞുങ്ങളുമായി ആത്മഹത്യക്ക് ശ്രമിച്ചത്.

ഞായറാഴ്ചയാണ് സ്വപ്‌ന മക്കൾക്ക് വിഷം നൽകിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. സ്വപ്‌നയുടെ പേരിൽ നാട്ടിൽ ഒരു വസ്തവ്യാപാര ശാലയുണ്ടായിരുന്നു. ഇതിന്റെ പേരിൽ 80 ലക്ഷം രൂപയോളം ഇവർക്ക് കടബാധ്യതകളുണ്ടായിരുന്നതായാണ് വിവരം. ഈ കടബാധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആശുപത്രിയിൽ വെച്ച് മരണമൊഴി നൽകിയിട്ടുമുണ്ട്. സ്വപ്‌നയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഇവരുടെ രണ്ടര വയസ്സുള്ള മകൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. 13 വയസ്സുള്ള മറ്റൊരു മകൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയതിന് ശേഷമാണ് സ്വപ്‌ന ആത്മഹത്യക്ക് ശ്രമിച്ചത്.

അവശനിലയിലായ മൂന്ന് പേരെയും ഉടൻ തന്നെ അയൽവാസികൾ ചേർന്ന് കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അവിടെ നിന്നും കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ചതിന് ശേഷം രണ്ടര വയസ്സുള്ള മകൾ കഴിഞ്ഞ ദിവസം മരണപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ സ്വപ്‌നയും മരണപ്പെട്ടു. മറ്റൊരു മകൾ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്യുന്നു.