തിരുവനന്തപുരം: വാഹന പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പിന് പൂട്ട് വീണു. സർക്കാരിന് മാനക്കേടുണ്ടാക്കുന്ന വിധമാണ് വകുപ്പിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. പൊതുജനങ്ങളെ പരിശോധനയുടെ പേരിൽ കൊള്ളയടിക്കുകയാണ്. അതിനാൽ സർക്കാരിനെതിരെ ജനരോഷം ആളിപ്പടരുകയാണ് എന്നും ചൂണ്ടിക്കാട്ടിയാണ് പരിശോധന തൽക്കാലത്തേക്ക് നിർത്തി വയ്ക്കാൻ വാക്കാൽ ഉന്നത ഉദ്യോഗസ്ഥർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഇതോടെ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്ക് താൽക്കാലികമായി പൂട്ട് വീണിരിക്കുകയാണ്. എന്നാൽ പൊലീസ് പരിശോധന തുടരും. മോട്ടോർ വാഹന വകുപ്പ് അതിഭീമമായ തുകയാണ് പിഴയായി ഈടാക്കുന്നത്. പൊലീസ് ചെറിയ തുകകൾ മാത്രമേ ഈടാക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് പൊലീസിന് പരിശോധന തുടരാൻ കഴിയുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പിഴ കിട്ടിയവർ ആരും ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ലെന്ന വിലയിരുത്തലിലാണ് അനൗദ്യോഗിക തീരുമാനം.

വാഹന പരിശോധന കർശനമായതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിനെതിരെ കടുത്ത വിമർശനമാണ് ഉയർന്ന് വന്നത്. ഇത് വലിയ രീതിയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ജനവികാരം എതിരാണെന്ന് മനസ്സിലായതോടെ ഇലക്ഷൻ കഴിയുന്നത് വരെ തൽക്കാലത്തേക്ക് കടുത്ത നടപടികൾ ഒന്നും തന്നെ സ്വീകരിക്കേണ്ട എന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും. മന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. ഇതോടെ പരിശോധനയ്ക്ക് നിയന്ത്രണം വരുത്തുകയായിരുന്നു.

ലോക്ക് ഡൗൺ കാലത്തെ വാഹന പരിശോധനയായിരുന്നു വകുപ്പിനെ ഏറെ പ്രതിരോധത്തിലാക്കിയത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. വലിയ തുകയാണ് പിഴയായി ഈടാക്കിയിരുന്നത്. അതിനാലാണ് വിമർശനം നേരിടേണ്ടി വന്നത്. പൊതു ജനങ്ങളുടെ ഇടയിൽ നിന്നും പലപ്പോഴും ഉദ്യോഗസ്ഥർക്ക് മോശം അനുഭവം നേരിടേണ്ടിയും വന്നു. ഇതോടെ പരിശോധന കുറയ്ക്കുയും ചെയ്തു.

എന്നാൽ കഴിഞ്ഞ മാസം വാഹന പരിശോധന നടത്തി ഒരു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മാസം 500 ചെക്ക് റിപ്പോർട്ടുകൾ എഴുതുകയും 4 ലക്ഷം രൂപയ്ക്കടുത്ത് പിഴ ഈടാക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയുള്ള ഉത്തരവ് പുറത്ത് വിട്ടിരുന്നു. ഇക്കാര്യം മറുനാടൻ തന്നെയാണ് വാർത്തയാക്കിയത്. ടാർഗറ്റ് തികയ്ക്കാത്ത ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചു കൊണ്ടുള്ള മെമോയും ഉദ്യോഗസ്ഥർക്ക് നൽകി. ഇതോടെയാണ് ഉദ്യോഗസ്ഥർക്ക് വീണ്ടും പരിശോധന കർശനമാക്കിയത്.

പരിശോധന കർശനമാക്കിയപ്പോൾ വീണ്ടും പരാതികൾ ഉയർന്നതോടെ തൽക്കാലം ജനങ്ങളെ തൃപ്തിപ്പെടുത്താനായാണ് കർശന പരിശോധന നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് വാഹനങ്ങളിലെ കൂളിങ് ഫിലിമുകൾ നീക്കം ചെയ്യാനായി ഉദ്യോഗസ്ഥർ നിരത്തിലിറങ്ങിയിരുന്നു. വിവിഐപികളുടെ വാഹനങ്ങൾക്ക് കൈ വച്ചതോടെ പതുക്കെ അതും നിർത്തിയിരുന്നു.