പുണെ: ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ വാഹനം കസ്റ്റഡിയിലെടുക്കുമ്പോൾ ഉടമയെക്കൂടി പൊക്കിയാലോ.. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം.നോ പാർക്കിങ്ങിൽ നിർത്തിയിരുന്ന ബൈക്ക് ഉടമയെ ഉൾപ്പെടെ പൊലീസ് ക്രെയിൻ ഉപയോഗിച്ച് പൊക്കുകയായിരുന്നു.

നാനാപേഠ് മേഖലയിലാണ് സംഭവം നടന്നത്. വൈകുന്നേരത്തോടെ ട്രാഫിക് പൊലീസ് സംഘമെത്തി അനധികൃതമായി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനം എടുത്തുകൊണ്ടുപോകുകയായിരുന്നു. അതിനിടെയിലാണ് ഈ സംഭവം അരങ്ങേറുന്നതെന്നാണ് പൊലീസ് മേധാവിയായ രാഹുൽ ശ്രീരാം അറിയിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ബൈക്ക് ഏകദേശം ഉയർത്തി കഴിഞ്ഞതോടെ ഇതിന്റെ ഉടമ ഓടിയെത്തുകയും ഉയർത്തി കൊണ്ടിരുന്ന ബൈക്കിലേക്ക് ചാടി കയറുകയുമായിരുന്നു എന്നാണ് പൊലീസ് മേധാവി അറിയിച്ചത്.

തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് ബൈക്കിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറായിരുന്നില്ല. അതോടെ ഉടമയെ ഉൾപ്പെടെ ബൈക്ക് വാനിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു.പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിയ ബൈക്ക് ഉടമ ക്ഷമ ചോദിക്കുകയും നിയമലംഘനത്തിനുള്ള പിഴയൊടുക്കുകയും ചെയ്തെന്നാണ് പൊലീസ് നൽകുന്ന വിവരം.

അതേസമയം, വാഹന ഉടമയെ ഉൾപ്പെടെ പൊക്കിയതിന് ക്രെയിൻ ജീവനക്കാരനും പൊലീസ് കോൺസ്റ്റബിളിനുമെതിരേയും നടപടി സ്വീകരിച്ചു. പൊലീസ് കോൺസ്റ്റബിളിലെ കോൺട്രോൾ റൂമിലേക്ക് മാറ്റിയതായും പൊലീസ് മേധാവി അറിയിച്ചു.