കോഴിക്കോട്: കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും എ എൻ ഷംസീർ എംഎ‍ൽഎയുടെ ഭാര്യ ഡോ.പി.എം ഷഹലയ്ക്ക് അനധികൃത നിയമനനീക്കമെന്ന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയിനാണ് ഗവർണർക്ക് പരാതി നൽകിയത്. ഷഹലയെ ഇന്റർവ്യു ചെയ്യേണ്ട ഇന്റർവ്യു ബോർഡിൽ ഇവരുടെ ഗവേഷണ ഗൈഡായിരുന്ന ഡോ.പി.കേളുവിനെയാണ് നിയമിച്ചിരിക്കുന്നതെന്നും പരാതിയിലുണ്ട്.

സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ യോഗ്യതയുള്ളവരെ മറികടന്ന് ഷഹലയെയും ഒപ്പം സിപിഎം മങ്കട ഏരിയാ സെക്രട്ടറി പി.കെ അബ്ദുൾ നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിയെയും നിയമിക്കാനാണ് നീക്കം. ഈ തസ്തികകളിൽ ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഇന്റർവ്യുവിന് ശേഷം തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിൽ റീഷ ഒന്നാമതും ഷഹല മൂന്നാമതുമാണ്. ഷഹലയ്ക്ക് നിയമനം നൽകാനായാണ് ഡോ.പി.കേളുവിനെ നിയമിച്ചതെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ പറയുന്നു. എഴുപതോളം അപേക്ഷകരിൽനിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. 38 പേർ അഭിമുഖത്തിനു ഹാജരായി. ഉയർന്ന അക്കാദമികയോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും സർവകലാശാലകളിലും കോളജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകർക്ക് അഭിമുഖത്തിൽ കുറഞ്ഞ മാർക്കുകൾ നൽകി അവരെ റാങ്ക് പട്ടികയിൽനിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചത്.യോഗ്യരായ പലരെയും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഷോർട്ട് ലിസ്റ്റിങ്ങിൽ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത് എന്ന പരാതിയുമായി തഴയപ്പെട്ട ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.

ജനുവരി 30 ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ഇവരുടെ നിയമനം അംഗീകരിക്കും. യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ മേധാവി തന്നെ ഇന്റർവ്യൂ ബോർഡിലുള്ളപ്പോൾ വിരമിച്ച അദ്ധ്യാപകനെ ഉൾപ്പെടുത്തിയത് തെറ്റാണെന്നും തന്റെ കീഴിൽ ഗവേഷണം നടത്തിയ വിദ്യാർത്ഥി ഇന്റർവ്യുവിനെത്തിയാൽ ഗവേഷണ മേൽനോട്ടം വഹിച്ചയാൾ മാറിനിൽക്കുക പതിവാണെന്നും ഇവിടെ അതുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ നടപടിയിൽ തെറ്റൊന്നുമില്ലെന്നാണ് വൈസ് ചാൻസിലർ ഡോ.എം.കെ ജയരാജ് അറിയിച്ചത്.

സർവകലാശാലയിൽ 126 അദ്ധ്യാപക തസ്തികയിലെ ഒഴിവുകളിൽ ഉടൻ തന്നെ ഇഷ്ടക്കാരെ തിരുകിക്കയറ്റി നിയമനം നടത്തുന്നതിന് ശ്രമം നടക്കുകയാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ ആരോപിക്കുന്നു. മുൻപ് കണ്ണൂർ സർവകലാശാലയിൽ ഷഹലയ്ക്ക് വിവാദ നിയമനം നൽകിയത് വിവാദമായിരുന്നു. ഈ നിയമനം പിന്നീട് കോടതി റദ്ദാക്കിയിരുന്നു. നിയമനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജർഖാനുമാണ് ഗവർണർക്കു നിവേദനം നൽകിയത്.

കണ്ണൂർ സർവകലാശാലയിൽ സംഭവിച്ചത്

കണ്ണൂർ സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർനിയമനം നേടിയ, എ.എൻ.ഷംസീറിന്റെ ഭാര്യ ഡോ. എം.ഷഹലയുടെ നിയമനമാണ് 2018 നവംബറിൽ ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാംസ്ഥാനക്കാരിയായ ചാവശ്ശേരി സ്വദേശി ഡോ. എംപി.ബിന്ദുവിന്റെ പരാതിയിലായിരുന്നു നടപടി. ഒന്നാംസ്ഥാനക്കാരിയായ തന്നെ നിയമിക്കാതെ രണ്ടാംസ്ഥാനക്കാരിയായ ഷഹലയെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ബിന്ദുവിന്റെ പരാതിയിൽ പറയുന്നു. അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന സംഘടനയുടെ സംസ്ഥാനനേതാവും എംഎ‍ൽഎ.യുമായ ഒരാളുടെ ഭാര്യയുടെ നിയമനം നിയമവിരുദ്ധമാണെന്ന കോടതിയുടെ കണ്ടെത്തിൽ സിപിഎമ്മിന് നാണക്കേടായിരുന്നു.

പൊതുവിഭാഗത്തിൽനിന്നാണ് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർനിയമനത്തിന് സർവകലാശാല അപേക്ഷ ക്ഷണിച്ചത്. പക്ഷേ, പിന്നീടത് സംവരണനിയമനമാക്കിമാറ്റുകയായിരുന്നു. അഭിമുഖത്തിൽ ഷഹലയ്ക്ക് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. ഇതോടെയാണ് നിയമനത്തിൽ സംവരണമുൾപ്പെടുത്താൻ സർവകലാശാല തീരുമാനിച്ചതെന്നായിരുന്നു പരാതി.