തിരുവനന്തപുരം: 'രാജ്യത്ത് ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഏറ്റവും കരുത്തനായ നേതാവാണ് തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളാതെ സ്വീകരിക്കും. മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തു'-ശോഭാ സുരേന്ദ്രൻ ആത്മവിസ്വാസത്തോടെ പറഞ്ഞ വാക്കുകൾ. എന്നാൽ, ശോഭയുടെ ആത്മവിശ്വാസത്തെ കെടുത്തും വിധം ചില ചരട് വലികൾ നടക്കുന്നതായ സൂചനകളും വരുന്നു.

കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനാണ് കഴിഞ്ഞതവണ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇത്തവണ ബിജെപിയുടെ പ്രചാരണം ഏറ്റെടുത്ത അദ്ദേഹം മത്സരം രംഗത്തുണ്ടാകില്ല. ഇതിനു പകരമാണ് ശോഭയ്ക്ക് കഴക്കൂട്ടത്ത് നറുക്ക് വീഴുന്നത്. കഴക്കൂട്ടത്തിന് പുറമേ കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. ഇന്നു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നതിനിടെയാണ് പുതിയ പാരകൾ.

കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥിയാവാൻ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. മത്സരത്തിനില്ലെന്ന് രാവിലെ അറിയിച്ച തുഷാറിനോട് ബിജെപി സംസ്ഥാന നേതാക്കൾ ആവർത്തിച്ച് അഭ്യർത്ഥിക്കുകയായിരുന്നു. ആലോചിച്ചു മറുപടി നൽകാമെന്ന് തുഷാർ ബിജെപി നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

കാർമേഘങ്ങളെല്ലാം മാറി ശോഭ സുരേന്ദ്രൻ മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞപ്പോഴാണ് തുഷാറിനെ കൂട്ടുപിടിച്ച്ചില ബിജെപി നേതാക്കൾ നീക്കം നടത്തിയത്. കെ.സുരേന്ദ്രനുമായി അകൽച്ചയിൽ കഴിയുന്ന ശോഭ കഴക്കൂട്ടത്ത് മത്സരിക്കേണ്ട എന്നാണ് ഈ നേതാക്കളുടെ മനസ്സിലിരുപ്പ്.കഴക്കൂട്ടം ഈഴവ പ്രാമുഖ്യമുള്ള മണ്ഡലമാണെന്നും തുഷാർ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇക്കാര്യത്തിൽ തുഷാർ പാർട്ടി നേതാക്കളുമായി കൂടിയാലോചന നടത്തിവരികയാണെന്നാണ സൂചന.

അതേസമയം,വിജയസാധ്യത മാത്രം അമിത്ഷാക്കും ബിജെപി നേതൃത്വത്തിനും മുന്നിൽ മാനദണ്ഡമാക്കുമ്പോൾ ശോഭയുടെ പേരിലാണ് അവസാനം എത്തി നിൽക്കുന്നത്. ശോഭ സുരേന്ദ്രന് സീറ്റ് നൽകണമെന്ന നിലപാടിൽ ഉറച്ചിരിക്കുകയാണ് ദേശീയ നേതൃത്വം. വിജയസാധ്യത പരിഗണിച്ചാൽ മികച്ച സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനാണെന്നും കേന്ദ്ര നേതാക്കൾ അഭിപ്രായപ്പെട്ടു. കടകംപള്ളിക്ക് മുന്നിൽ ശബരിമല വിവാദം എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാൻ ശോഭാ സുരേന്ദ്രൻ എത്തുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഒരുവിഭാഗം നേതാക്കൾ ശോഭയെ വെട്ടാൻ അവസാനനിമിഷം കരുക്കൾ നീക്കുന്നത്.

ശോഭ സുരേന്ദ്രൻ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കിയെന്ന് ദേശീയ നേതൃത്വത്തിന് ചില നേതാക്കളുടെ പരാതി നൽകിയെങ്കിലും അതൊന്നും വിജയപരിഗണനക്ക് മുന്നിൽ ഒന്നുമായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ടാണ് വിഷയത്തിൽ ഇടപെടുന്നതെന്ന് റിപ്പോർട്ടുകൾ. കടകംപള്ളി സുരേന്ദ്രനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു.

എന്നാൽ മണ്ഡലം വിട്ടുകൊടുക്കുന്നതിനോട് വി മുരളീധരൻ പക്ഷത്തിന് കടുത്ത എതിർപ്പുണ്ട്. ശോഭ സുരേന്ദ്രൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുകയാണ് അച്ചടക്കമുള്ള പാർട്ടിപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കുമ്മനത്തിന്റെ പ്രതികരണം.

കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ശോഭ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതെന്നും ശോഭ അറിയിച്ചതോടെ കെ സുരേന്ദ്രൻ വിഭാഗം വെട്ടിലായിരുന്നു. ഒഴിച്ചിട്ട മൂന്ന് സീറ്റുകളിൽ ബിജെപി. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് ശോഭ സുരേന്ദ്രൻ കടുപ്പിച്ച് പറഞ്ഞത്.

'കേരളത്തിൽ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് എനിക്കുള്ളത്. കഴക്കൂട്ടത്ത് ബിജെപി. വിജയിക്കും. ഇന്ത്യയിൽ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഏറ്റവും കരുത്തനായ നേതാവാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ നിരാകരിക്കാതെ സ്വീകരിക്കും.' മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തുവെന്നും അവർ പറഞ്ഞു.

'പഴയ ബിജെപിയല്ല ഇത്. കഴക്കൂട്ടം ഒഴികെ ഒഴിച്ചിട്ട രണ്ട് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. പേരുകൾ ഉടൻ പ്രഖ്യാപിക്കും. മത്സരിക്കാൻ ആളെക്കിട്ടാത്ത സാഹചര്യമൊന്നും ബിജെപിയിലും എൻ.ഡി.എയിലും ഇന്നില്ല.' ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്ന് ബിജെപി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും മണ്ഡലം ഏതെന്നതിൽ തർക്കം നിലനിൽക്കുകയാണ്.