മലപ്പുറം: മുസ്ലിം ലീഗ് വിവാദങ്ങളിൽ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. ആരോടും വ്യക്തിവിരോധമില്ല. പാർട്ടിയാണ് മുഖ്യം. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇത് കെ.ടി.ജലീലിനുള്ള മറുപടി കൂടിയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആരോടും വ്യക്തി വിരോധമില്ല. പാർട്ടിയാണ് മുഖ്യം. പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിൽ. ജയ് മുസ്ലിം ലീഗ്.

ലീഗ് ഹൗസിലെ വാർത്താസമ്മേളനത്തിൽ മുഈനലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ വിമർശനങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുയിൻ അലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും പാണക്കാട് കുടുംബത്തിന്റെ വിയോജിപ്പിനെ തുടർന്ന് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരേ പരസ്യ വിമർശനം നടത്തിയ സംഭവത്തിൽ നടപടി ഒഴിവാക്കാൻ രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്ന് മുഈനലിക്ക് മുമ്പിൽ പാണക്കാട് കുടുംബം ഉപാധിവച്ചിരുന്നു. പാണക്കാട് കുടുംബത്തിന്റെ രീതികൾക്കെതിരായ പ്രവർത്തിക്കരുതെന്നും മുന്നിറിയിപ്പ് നൽകിയിരുന്നു.