ഭോപ്പാൽ: മധ്യപ്രദേശിൽ പ്രളയം നാശംവിതച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ വെള്ളക്കെട്ടിൽ കുടുങ്ങിയ മന്ത്രിയെയും സംഘത്തെയും രക്ഷപ്പെടുത്തി വ്യോമസേന. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പ്രളയജലത്താൽ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളിൽ കുടുങ്ങിയത്. എയർ ലിഫ്റ്റ് ചെയ്താണ് ഇവരെ രക്ഷപ്പെടുത്തയിത്.

പ്രളയക്കെടുതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ദാത്തിയ ജില്ലയിൽ എത്തയത്. ദുരന്തനിവാരണ സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥന്മാരും ഉൾപ്പെട്ട ഒരു സംഘം മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

ബോട്ടിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ വീടിന്റെ ടെറസിൽ കുടുങ്ങിപ്പോയ ഒൻപതുപേരെ മന്ത്രിയും സംഘവും കണ്ടു. ഇവരെ താൻ സഞ്ചരിച്ചിരുന്ന ബോട്ടിൽ കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്നു വൻ മരം ശക്തമായ കാറ്റിൽ നിലംപൊത്തി.

ഇതിന്റെ ചില്ല തട്ടി ബോട്ടിന്റെ എൻജിൻ തകർന്നു.മന്ത്രി വിവരം അറിയിച്ചതിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്ടർ സ്ഥലത്തെത്തി എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു. എയർ ലിഫ്റ്റുചെയ്താണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്. പ്രളയത്തിൽ കനത്ത നാശമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായത്.