ഭോപാൽ: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിക്ക് ആശ്വാസം. 28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ് ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ 15 സീറ്റിൽ ബിജെപിക്കു മുന്നേറ്റം. ഏഴിടത്തു കോൺഗ്രസാണു ലീഡ് ചെയ്യുന്നത്.

മധ്യപ്രദേശിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലെയും ബിഹാറിലെ വാൽമീകി നഗർ ലോക്‌സഭാ മണ്ഡലത്തിലെയും ഫലവും ഇന്നറിയാം. ഇക്കഴിഞ്ഞ മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ ഇത്രയധികം സീറ്റുകളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശിവരാജ്‌സിങ് ചൗഹാന് ഭരണംനിലനിർത്താൻ എട്ടു സീറ്റുകളിൽ വിജയം അനിവാര്യമാണ്.

സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും ഉപതിരഞ്ഞെടുപ്പ് ഫലം നിർണയിക്കും. വീണ്ടും അധികാരത്തിലെത്താൻ കോൺഗ്രസിന് കുറഞ്ഞത് 21 സീറ്റ് എങ്കിലും വേണം. ഗുജറാത്തിൽ എട്ടു സീറ്റുകളിലെയും യു.പിയിൽ ഏഴ് മണ്ഡലങ്ങളിലെയും മണിപ്പൂരിൽ 5 സീറ്റുകളിലെയും ജാർഖണ്ഡ്, കർണാടക, ഒഡീഷ, നാഗാലാൻഡ് എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്‌ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഓരോ സീറ്റിലെയും ഫലമാണ് വരാനുള്ളത്.