കൊച്ചി: കേന്ദ്രസർക്കാരുമായി നല്ല രീതിയിൽ പോയാൽ കേരളത്തിന് നല്ലതെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേന്ദ്രസർക്കാരിന് കേരളത്തോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. കേരളത്തിനാവശ്യമുള്ള എല്ലാ സഹായവും സമയാസമയം കേന്ദ്രം കൊടുത്തിട്ടുണ്ടെന്നും രമേശ് അവകാശപ്പെട്ടു.കേന്ദ്രവുമായി മുഖ്യമന്ത്രി ഒരു സംഘർഷമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും എം ടി രമേശ് ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനങ്ങൾ എങ്ങനെയെല്ലാമാണെന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ അഞ്ചുവർഷക്കാലം സർക്കാരിനെതിരായി ഉയർന്നുവന്നിട്ടുള്ള ധാരാളം കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളൊന്നും ഒരു തെരഞ്ഞെടുപ്പ് വിജയത്തോടെ ഇല്ലാതാകുന്നില്ല. ആ പ്രശ്‌നങ്ങളുടെ മെറിറ്റ് അതേപോലെ നിൽക്കും. അക്കാര്യങ്ങൾ ഇനിയും സ്വാഭാവികമായി ചർച്ചയിൽ വരും, രമേശ് പറഞ്ഞു.

ഇനിയുള്ള ദിവസങ്ങളിൽ നാം അനുഭവിക്കുന്ന പ്രശ്‌നങ്ങളോടുള്ള സർക്കാരിന്റെ സമീപനമെന്താണ് എന്നതിനെ ആശ്രയിച്ചായിരിക്കും സർക്കാരിനോടുള്ള ബിജെപിയുടെ സമീപനമെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.ബിജെപിയുമായിട്ടുള്ള സിപിഐ.എമ്മിന്റെ രാഷ്ട്രീയ സമരം എന്നുപറയുന്നത് കേരളത്തിൽ മാത്രമായിട്ട് ഒതുങ്ങുന്നതാണെന്നും അഖിലേന്ത്യാതലത്തിൽ സിപിഐ.എം അതിനുമുതിരുന്ന പ്രാപ്തിയിലല്ല ഉള്ളതെന്നും രമേശ് പറഞ്ഞു.

വലിയ ഭൂരിപക്ഷത്തോടുകൂടി ഗവൺമെന്റ് അധികാരത്തിൽ വന്നു. മാത്രമല്ല മന്ത്രിസഭയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ തീരുമാനമുണ്ടായി. പുതിയ ആളുകൾ മന്ത്രിമാരാകുന്നു. അവരിൽ പലരും മന്ത്രിമാരാകാൻ അർഹതയുള്ളവരാണ്. മന്ത്രിസഭയ്ക്ക് ഒരു പുതുമയുണ്ട്. ആ പുതുമ അവരുടെ പ്രവർത്തനങ്ങളിലും കാണണം ഇന്ന് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാരിന് ഭാവുകങ്ങൾ നേർന്നുകൊണ്ട് എം. ടി രമേശ് പ്രതികരിച്ചു.