കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് ഈ മാസം ഇരുപതിനകം ലഭിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഇടപെടലിൽ കോഴിക്കോട് നല്ലളത്ത് ഡീസൽപ്ലാന്റിന് സമീപത്ത് നിന്ന് നാൽപ്പതിലധികം വാഹനങ്ങൾ മാറ്റി. പൊതുമരാമത്തിന് കീഴിലുള്ള സ്ഥലത്ത് കാലങ്ങളായി കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

നല്ലളം ഡീസൽപ്ലാന്റിന് സമീപം ഒന്നര വർഷത്തോളമായി നിർത്തിയിട്ട വാഹനങ്ങൾ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഫോൺ ഇൻ പരിപാടിയിൽ വന്ന ഒരു പരാതി ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്കൊപ്പം നല്ലളം സന്ദർശിച്ചാണ് മന്ത്രി നടപടിയെടുക്കാൻ നേതൃത്വം നൽകിയത്.

ഒരു പരാതി എന്നത് ഒരാളുടെ പരാതി എന്ന നിലയിലല്ല കാണുന്നത്, ഈ നാടിനെ ബാധിക്കുന്ന ഒന്നായാണത് കാണുന്നത്. റോഡരികിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പരസ്യസംവിധാനങ്ങൾ നീക്കം ചെയ്യാനും നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.