തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നല്ലൊരു സിനിമാ ആസ്വാദകനാണെന്നും എല്ലാ സിനിമകളും അദ്ദേഹം കാണാറുണ്ടെന്നും മന്ത്രിയും മകളുടെ ഭർത്താവുമായ പിഎ മുഹമ്മദ് റിയാസ്. കാണുന്ന സിനിമകളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നും കത്തി നിൽക്കുന്ന പല സംഭവങ്ങളും കേരളത്തിൽ നടക്കുമ്പോൾ രാത്രി അദ്ദേഹമൊരു സിനിമ കാണുന്നുണ്ടാകുമെന്നും മുഹമ്മദ് റിയാസ് ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുഹമ്മദ് റിയാസിന്റെ വാക്കുകൾ:

'മുഖ്യമന്ത്രിയും അടക്കം ഞങ്ങൾ കുടുംബമായി സിനിമകൾ കാണാറുണ്ട്. അതിൽ അത്ഭുതമൊന്നുമില്ല. മുഖ്യമന്ത്രിയും ഒരു മനുഷ്യനാണ്. അദ്ദേഹം എല്ലാ സിനിമകളും കാണും. നല്ലൊരു സിനിമാ ആസ്വാദകൻ കൂടിയാണ് അദ്ദേഹം. ഓരോ സിനിമയെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ അഭിപ്രായങ്ങളുമുണ്ട്. കത്തി നിൽക്കുന്ന പല സംഭവങ്ങളും കേരളത്തിൽ നടക്കുമ്പോൾ രാത്രി അദ്ദേഹമൊരു സിനിമ കാണുന്നുണ്ടാകും.''

വ്യക്തിപരമായി തനിക്ക് നേരെ ഉയർന്ന അധിക്ഷേപങ്ങൾക്ക് മറുപടി പറയാൻ തനിക്ക് സമയമില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.''വിമർശനങ്ങൾ എന്ത് നിലയിലും വരും. അതിനോട് പ്രതികരിക്കാൻ നിന്നാൽ അതിന് മാത്രമേ നേരം കാണൂ. നമുക്ക് സമയമില്ല. രണ്ടു വകുപ്പിന്റെ ചുമതലയുണ്ട്. 24 മണിക്കൂറും. ഓരോ ദിവസവും ഓരോ കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനിടയിൽ വിമർശനങ്ങൾക്ക് ചെവി കൊടുക്കാൻ നിന്നാൽ അതിനെ നേരമുണ്ടാകൂ. നമ്മൾ നമ്മുടെ ജോലി ചെയ്യുക. മറ്റു കാര്യങ്ങളൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയുടെ മരുമകൻ പരാമർശങ്ങളും വ്യക്തിഹത്യകളും കാര്യമാക്കാറില്ല. അത്തരം ഫ്രെയിമുകളിലൊന്നും ഞാൻ വീഴില്ല.''എൽഡിഎഫ് സർക്കാരിന്റെ നയം നടപ്പാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും വ്യക്തിപരമായ താൽപ്പര്യങ്ങൾ മുൻനിർത്തിയല്ല മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

''എല്ലാ എംഎൽഎമാരുടെയും മന്ത്രിയാണ് ഞാൻ. ഭരണകക്ഷിയുടെ മാത്രമല്ല. എല്ലാവരെയും തുല്യമായാണ് കാണുന്നത്. 140 എംഎൽഎമാരെയും കേൾക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. എൽഡിഎഫ് സർക്കാരിന്റെ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ താൽപ്പര്യങ്ങൾ മുൻനിർത്തിയല്ല നീങ്ങുന്നത്. ഉത്തരവാദിത്വം ഏൽപ്പിച്ച പ്രസ്ഥാനം പഠിപ്പിച്ച കാര്യങ്ങളാണ് ചെയ്യുന്നത്. പാർലിമെന്ററി രംഗത്ത് എത്തുമ്പോൾ എല്ലാവരെയും ഒരുപോലെ കാണാൻ പഠിപ്പിച്ച പ്രസ്ഥാനമാണ് ഇക്കാര്യത്തിൽ പിൻബലം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ റോഡ് പരിപാലന കാലാവധി ബോർഡ് സ്ഥാപിക്കുന്നതിൽ ഉൾപ്പെടെ പിന്തുണയാണ് നൽകിയത്.''-റിയാസ് പറഞ്ഞു.