കൊച്ചി: ആദ്യ ദിനം എല്ലാം പെർഫക്ട്. രണ്ടാം ദിനത്തിലേക്ക് ബറോസിന്റെ ഷൂട്ടിങ്. രണ്ടു നാൾ കൂടി കഴിയുമ്പോൾ അഭിനേതാവായി പൃഥ്വിരാജും സജീവമാകും. ഇന്നലെ ഫോർട്ട് കൊച്ചിയിലെ ബ്രൺട്ടൺ ബോട്ടിയാർഡ് എന്ന ഹോട്ടലിലായിരുന്നു ഷൂട്ടിങ്. രാവിലെ ഏഴ് മുതൽ രാത്രി പ്രകാശം മങ്ങുന്നതു വരെ ഷൂട്ടിങ്. ഫോർട്ട് കൊച്ചിയിൽ മോഹൻലാലിന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് അധികമാരും അറിഞ്ഞിരുന്നില്ല. ഇന്ന് അതീവ സുരക്ഷയിൽ കൊച്ചി നഗര മധ്യത്തിലാണ് ഷൂട്ടിങ്. ഇവിടേയും കോവിഡ് മാനദണ്ഡം കർശനമാക്കാൻ ആരേയും പുറത്തു നിന്ന് പ്രവേശിപ്പിക്കില്ല.

ആദ്യ ദിവസത്തെ ഷൂട്ടിംഗിൽ തികഞ്ഞ സംതൃപ്തനാണ് മോഹൻലാൽ. പുറം ചിത്രീകരണമാണ് തുടക്കത്തിൽ നടക്കുന്നത്. അതിന് ശേഷം നവോദയാ സ്റ്റുഡിയോയിലേക്ക് ചിത്രീകരണം മാറും. ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുണ്ടാകുന്ന സംഭവങ്ങളിടെ പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്.. നാവികനായിരുന്ന, വാസ്‌കോ ഡ ഗാമ തന്റെ നിധിശേഖരങ്ങളെല്ലാം കാത്തുസൂക്ഷിക്കാൻ ഏൽപ്പിച്ചത് ബറോസിനെയാണ്. ഗാമയുടെ യഥാർത്ഥ പിൻഗാമിക്ക് മാത്രമേ അത് നൽകാവൂ എന്ന ദൃഢനിശ്ചയത്തോടെ കഴിയുന്ന ബറോസിന്റെ അരിുകിലേയ്ക്ക് ഒരു പെൺകുട്ടി എത്തുന്നു. പിന്നീട് ഇരുവരും ചേർന്ന് നടത്തുന്ന സാഹസികമായ യാത്രകളിലൂടെയാണ് ബറോസിന്റെ കഥ പുരോഗമിക്കുന്നത്.

അതുകൊണ്ട് തന്നെ ഈ പെൺകുട്ടിയുടെ ഷോട്ടുകൾ എടുത്താണ് ഷൂട്ടിംഗിന്റെ ആദ്യ ദിവസം തുടങ്ങിയത്. മോഹൻലാലാണ് ചിത്രത്തിൽ ബറോസിന്റെ റോൾ ചെയ്യുന്നത്. എന്നാൽ ലാലിന് ഇന്ന് അഭിനയ രംഗങ്ങളില്ല. പൃഥ്വിരാജും സിനിമയിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ പൃഥ്വിക്കും ഇന്ന് ഷൂട്ടിംഗില്ല. രാവിലെ ഒൻപത് മണിക്കാണ് ഷൂട്ടിങ് തുടങ്ങിയത്. ചിത്രത്തിന്റെ പൂജ വിപുലമായി നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിംഗിൽ അധികമാരേയും ക്ഷണിച്ചതുമില്ല. മോഹൻലാലിന്റെ ഭാര്യയും ചിത്രീകരണത്തിന് എത്തിയില്ല. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത് സംവിധായകനായ മോഹൻലാൽ തന്നെയാണ്.

വിദേശ താരങ്ങളാണ് ചിത്രത്തിൽ അധികവും വേഷമിടുന്നത്. ഇതിന്റെ കാരണം മോഹൻലാൽ തന്നെ പല അഭിമുഖങ്ങളിലും വ്യക്താക്കിയിരുന്നു.സ്പാനിഷ് താരങ്ങളായ പാസ്വേഗ, റഫേൽ അമർഗോ തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ടെ മോഹൻലാൽ അറിയിച്ചിരുന്നു. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമൻ കോൺട്രാക്ട്, റാംബോ, സെക്സ് ആൻഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

കൊച്ചിയിൽ ആദ്യ ഘട്ടം പൂർത്തിയാക്കിയ ശേഷം ഷൂട്ടിങ് ഗോവയിലേക്ക് മാറും. ഷൂട്ടിംഗിനിടെ ബിഗ് ബോസിലും ലാൽ സജീവമായി പങ്കെടുക്കും. അതുകൊണ്ട് തന്നെ മറ്റുകാര്യങ്ങളിൽ ഒന്നും ലാൽ തൽകാലം ശ്രദ്ധിക്കില്ല. അങ്ങനെ ബറോസിൽ മാത്രമായി കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് തീരുമാനം. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. പോയവർഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ട മറ്റൊരു ചിത്രം 'അമ്മ'യുടെ നിർമ്മാണത്തിലെത്തുന്ന മൾട്ടിസ്റ്റാർ ചിത്രമാണ്.

താരസംഘടനയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിന്റെ രചന ടി കെ രാജീവ് കുമാറിന്റേതാണ്. സംവിധാനം പ്രിയദർശനും രാജീവ് കുമാറും ചേർന്ന്. എന്നാൽ ഇതിന്റെ ചിത്രീകരണം ബറോസിന് ശേഷം തുടങ്ങുമെന്നാണ് സൂചന. ബറോസിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ് മൈഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.