ഡൽഹി: മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻചിറ്റ് ലഭിച്ചതിൽ പ്രതികരിച്ചു അഭിഭാകൻ മുകുൾ റോത്തഗി. ഷാരൂഖ് ഖാന് ആശ്വാസമായി എന്നാണ് ആര്യൻ ഖാനു വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞത്. ആത്യന്തികമായി സത്യം ജയിച്ചു. ആര്യനെതിരെ കുറ്റം ചുമത്താനോ അറസ്റ്റ് ചെയ്യാനോ ഒരു തെളിവുമില്ലായിരുന്നു. ആര്യനിൽ നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ല. തെറ്റ് സമ്മതിച്ചുകൊണ്ട് എൻ.സി.ബി പ്രൊഫഷണലായി പ്രവർത്തിച്ചതിൽ സന്തോഷമുണ്ടെന്നും മുകുൾ റോത്തഗി പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാർകോടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ മുംബൈ തീരത്തു നിന്ന് പുറപ്പെട്ട കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ലഹരിപ്പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്ന് എൻ.സി.ബി അറിയിച്ചു. ആര്യൻ ഖാൻ 22 ദിവസം ജയിലിൽ കിടന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല റെയ്ഡ് നടന്നതെന്ന് ആരോപണം ഉയർന്നതോടെ സമീർ വാങ്കഡെ എന്ന എൻ.സി.ബി ഉദ്യോഗസ്ഥനെ അന്വേഷണത്തിൽ നിന്ന് മാറ്റി.

റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ല എന്നതായിരുന്നു പ്രധാന പിഴവ്. ആര്യൻ ഖാന് ലഹരിക്കടത്ത് സംഘവുമായി ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കുറ്റപത്രത്തിൽ വ്യക്തമാക്കി. ആര്യൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ തെളിവില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.