കൊച്ചി : മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തൽ വിഷയത്തിൽ കേരളത്തിനു തിരിച്ചടിയാകുന്നത് സുപ്രീംകോടതിയുടെ രണ്ട് ഉത്തരവുകൾ. ഇതുസംബന്ധിച്ചുള്ള ഉത്തരവുകൾ 2006, 2017 വർഷങ്ങളിൽ സുപ്രീംകോടതി പുറത്തിറക്കിയിട്ടുള്ളതാണ്. ഈ ഉത്തരവുകൾ കാണിച്ചാണു കഴിഞ്ഞയാഴ്ച ചേർന്ന അന്തർ സംസ്ഥാന നദീജല തർക്ക സമിതിയിൽ തമിഴ്‌നാട് മരംമുറി ആവശ്യം വീണ്ടും ഉയർത്തിയത്.

എന്നാൽ വനംവകുപ്പ് ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. ജലവിഭവം ഉൾപ്പെടെ പല വകുപ്പുകളും മരം മുറിക്കുന്നതിനെ അനുകൂലിച്ചെങ്കിലും വനം വകുപ്പ് തടസവാദം ഉന്നയിക്കുകയായിരുന്നെന്നാണ് അവരുടെ അവകാശവാദം. വനംവകുപ്പാണ് അനുമതി നൽകാത്തതെന്ന് റവന്യൂ, ജലവിഭവ, പരിസ്ഥിതി വകുപ്പുകൾ നിരന്തരം വാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ താനുമായി ആലോചിക്കാതെ ഉത്തരവിറക്കിയതെന്നാണ് വനംമന്ത്രി പറയുന്നത്. തമിഴ്‌നാട് മന്ത്രിമാരുടെ സന്ദർശനത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥൻ അനുമതി നൽകിയതാണു ദുരൂഹതയായത്.

ജലകമ്മിഷന്റെ കണ്ടെത്തലുകൾ

1970-ലാണു മുല്ലപ്പെരിയാർ കരാർ പുതുക്കിയത്. 1978 ആയപ്പോഴേയ്ക്കും ഡാമിനു ബലക്ഷയമുണ്ടെന്നു കേരളം വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കാൻ കേന്ദ്ര ജലകമ്മിഷനു (സി.ഡബ്ല്യു.സി.) കേരളം കത്തുനൽകി. അവർ പരിശോധിച്ചു ജലനിരപ്പ് 152 അടിയിൽനിന്നു കുറയ്ക്കണമെന്നും ബലക്ഷയമുള്ളതിനാൽ, തൽക്കാലം 136 അടിയിൽ നിർത്താനും നിർദ്ദേശിച്ചു.

എത്രയും വേഗം ചെയ്തുതീർക്കാനായി മൂന്നു നിർദ്ദേശങ്ങളും സി.ഡബ്ല്യു.സി. മുന്നോട്ടുവച്ചു. അടിയന്തരം, ഇടക്കാലം, ദീർഘകാലം കണക്കാക്കിയുള്ള ബലപ്പെടുത്തൽ ജോലികളാണു നിർദ്ദേശിക്കപ്പെട്ടത്. 1998-ൽ അടിയന്തര, ഇടക്കാല ജോലികൾ തീർത്തതായി തമിഴ്‌നാട് അവകാശപ്പെടുന്നു. എന്നിട്ടും കേരളം ജലനിരപ്പുയർത്താൻ സമ്മതിക്കുന്നില്ലെന്നു കാണിച്ചു മദ്രാസ് ഹൈക്കോടതിയിൽ തമിഴ്‌നാടിനു വേണ്ടിയും എതിർപ്പുന്നയിച്ച് കേരള ഹൈക്കോടതിയിലും നിരവധി ഹർജികളെത്തി. രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള കേസായതിനാൽ സുപ്രീംകോടതിയിലേക്കു ട്രാൻസ്ഫർ ചെയ്യണമെന്ന ഹർജിയിൽ രണ്ടു ഹൈക്കോടതികളുടെയും പരിഗണനയിലുണ്ടായിരുന്ന എല്ലാ കേസുകളും സുപ്രീംകോടതിയിലേക്കു മാറ്റി.

സുപ്രീംകോടതി വിധികൾ

കരാർ പുതുക്കലിനു ശേഷം 2001-ലാണ് ആദ്യമായി മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയിലെത്തുന്നത്. ഇടപെട്ടു തീർപ്പുണ്ടാക്കാൻ സുപ്രീംകോടതി കേന്ദ്ര ജലവിഭവ മന്ത്രിയോടു നിർദ്ദേശിച്ചു. എന്നാൽ, തനിക്കു സങ്കേതിക പരിജ്ഞാനമില്ലാത്തതിനാൽ, വിദഗ്ധസമിതിയെ നിയമിക്കണമെന്നു മന്ത്രി അഭ്യർത്ഥിച്ചു. അങ്ങനെ വിദഗ്ധ സമിതി നിലവിൽവന്നു. ബേബി ഡാമിന്റെ ബലപ്പെടുത്തൽ ഒഴികെ എല്ലാ ജോലികളും തീർന്നതായി തമിഴ്‌നാട് വിദഗ്ധസമിതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയിൽ നിർത്താമെന്നു വിദഗ്ധ സമിതി നിർദ്ദേശിച്ചു. 136 അടിക്കു മുകളിൽ കേരളം സമ്മതിച്ചില്ല.
2001-ൽ ആരംഭിച്ച കേസിൽ വിശദമായ വാദം കേട്ടശേഷം 2006-ൽ വിധി പറഞ്ഞു. ബേബി ഡാമിന്റെ ബലപ്പെടുത്തൽ വേഗം പുർത്തിയാക്കണമെന്നും കേരളം തടയരുതെന്നും ബലപ്പെടുത്തൽ ജോലികൾ തീരുംവരെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ബേബി ഡാമിന്റെ ബലപ്പെടുത്തലിനുശേഷം 152 ആക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

ഇതു മറികടക്കാനാണു സംസ്ഥാനത്തെ അണക്കെട്ടുകളിലെ പരമാവധി സംഭരണശേഷി നിജപ്പെടുത്തിക്കൊണ്ടു കേരള സർക്കാർ നിയമം പാസാക്കിയത്. മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയായും നിശ്ചയിച്ചു.

എന്നാൽ, രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയത്തിൽ കേരള നിയമസഭയ്ക്ക് ഇപ്രകാരം നിയമം പാസാക്കാൻ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട് 2006-ൽ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു. 2014-ൽ വിധി വന്നു. തങ്ങളുടെ 2006-ലെ വിധി അങ്ങനെതന്നെ നിലനിൽക്കുമെന്നും ഡാമിനു ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം സാധൂകരിക്കുന്ന രേഖകളൊന്നും തങ്ങളുടെ മുന്നിലില്ലെന്നും സുപ്രീംകോടതി വിധിച്ചു. ജലനിരപ്പ് തൽക്കാലം 142 അടിയിൽ നിലനിർത്തണം. ബേബി ഡാം ബലപ്പെടുത്താനുള്ള ജോലി വേഗം തീർക്കണം അതിനു കേരളം തടസം നിൽക്കരുന്നെും സുപ്രീംകോടതി ആവർത്തിച്ചു.

തുടർന്നു കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ പരിവേഷ് പോർട്ട ലിൽ ബേബി ഡാം അറ്റകുറ്റപ്പണിക്കുള്ള പരിസ്ഥിതി, വന, വന്യജീവി ക്ലിയറൻസിനായി രജിസ്റ്റർ ചെയ്യൽ തമിഴ്‌നാട് തുടങ്ങി. പല തവണ രജിസ്റ്റർ ചെയ്തപ്പോഴും കേരളം അനുമതി നൽകിയില്ല.

ആവർത്തിച്ച് ആവശ്യപ്പെട്ട് തമിഴ്‌നാട്

മരംമുറി അനുമതി തീരുമാനിക്കാൻ ചേർന്ന വകുപ്പുതല യോഗത്തിൽ ജലവിഭവ വകുപ്പ് ഉൾപ്പെടെ വനം വകുപ്പിനോട് അനുമതി നൽകാനാണു നിർദ്ദേശിച്ചത്. സർക്കാരിന്റെ നയപരമായ വിഷയമായതിനാൽ, വനംവകുപ്പ് അനുമതി നൽകിയില്ല. കഴിഞ്ഞ സെപ്റ്റംബറിൽ തമിഴ്‌നാട് വീണ്ടും പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഇതിനും നിഷേധാത്മകയായ മറുപടിയാണു കേരളം നൽകിയത്.

കഴിഞ്ഞാഴ്ച ചേർന്ന യോഗത്തിൽ വനംവകുപ്പാണു തടസം നിൽക്കുന്നതെന്നു മറ്റുവകുപ്പുകൾ വീണ്ടും നിലപാടെടുത്തതോടെയാണു ചീഫ് വൈൽഡ് ലൈഫ് വാർഡൻ തിടുക്കത്തിൽ തീരുമാനമെടുത്തതെന്നാണു വിവരം. തമിഴ്‌നാട് മന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ തീരുമാനം വന്നതാണു വിവാദമായത്.