കണ്ണൂർ: തെരഞ്ഞെടുപ്പിൽ കനത്തപരാജയമേറ്റ് പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ട കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മുട്ടൻപണികൊടുത്തത് തലശേരിയിലെ കോൺഗ്രസ്് പ്രവർത്തകൻ.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോവിഡ് ബാധിച്ച ഗുരുതരാവസഥയിലാണെന്ന് കോൺഗ്രസ് പ്രവർത്തകൻ തന്റെ ഫെയ്സ് ബുക്ക് ഐഡിയിലൂടെയാണ് വ്യാജപ്രചാരണം നടത്തിയത്. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെപിസിസി അധ്യക്ഷൻ നൽകിയ പരാതിയിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

തലശേരി സ്വദേശി നൗഷാദ് എന്നയാളുടെ പ്രൊഫൈലിലൂടെയാണ് വ്യാജപ്രചരണം നടന്നതെന്ന് വ്യക്തമായതായി പൊലിസ് പറഞ്ഞു. കെ.പി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു നൗഷാദിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

മുല്ലപ്പള്ളി രാമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കരൾ സംബന്ധമായ രോഗമുള്ളതിനാൽ സ്ഥിതി ഗുരുതരമാണെന്നും നൗഷാദ് ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. മുല്ലപ്പള്ളിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും തന്റെ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യണമെന്നും നൗഷാദ് ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ഇയാൾ സജീവ കോൺഗ്രസ് പ്രവർത്തകനാണെന്ന് പ്രൊഫൈലിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നുണ്ട്. പോസ്റ്റ് വിവാദമായതോടെ ഇയാൾ പോസ്റ്റ് പിൻവലിക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദുഃഖവാർത്തയെന്ന മട്ടിൽ അവതരിപ്പിച്ച പോസ്റ്റ് വൈറലായതോടെയാണ് മുല്ലപ്പള്ളി പൊലിസിൽ പരാതി നൽകി.

നേരത്തെ തന്റെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമിച്ച സംഭവത്തിലും മുല്ലപ്പള്ളി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന് കൊവിഡാണെന്നും ഗുരുതരമായ നിലയിൽ ചികിത്സയിലാണെന്നും വ്യാജ വാർത്തയുണ്ടായത്.