തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്നത് നാടകമാണെന്ന് ആരോപിച്ചു കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബിനീഷ് കോടിയേരിയെ ആദർശപുരുഷനാക്കാൻ ശ്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജാവായാണ് കോടിയേരിയുടെ താമസം.വീട് രമ്യഹർമ്യമാണ്. വീടിന് മുന്നിൽ കോടികൾ വിലവരുന്ന വാഹനം നിർത്തിയിട്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കോടിയേരിയുടെ കൊച്ചുമകൻ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ബാലാവകാശ കമ്മീഷൻ ഓടിയെത്തി. ഊർജസ്വലനായിരിക്കുന്ന കുട്ടിയെ സംരക്ഷിക്കാൻ പോയ കമ്മീഷൻ എന്തുകൊണ്ട് പാലാത്തായിയിൽ പോയില്ലെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മനുഷ്യാവകാശ ലംഘനം ഉണ്ടായോയെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. വിശ്വസ്ഥനായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചങ്കിടിപ്പ് കൂടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.