തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും വിടാൻ പോകുന്ന നേതാക്കളെ കോടികൾ കൊടുത്ത് പിടിക്കാൻ ബിജെപിയുടെ പ്രത്യേകസംഘം കേരളത്തിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചാക്കിട്ട് പിടിത്തത്തിൽ പരിചയമുള്ള കർണാടക നേതാക്കളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വ്യക്തിത്വമുള്ള കോൺഗ്രസുകാരാരും പോകില്ലെന്നും അവസരവാദികൾ എല്ലാ പാർട്ടികളിലുമുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ബിജെപിയിലേക്ക് വരാൻ ചിലർ പണം വാഗ്ദാനം ചെയ്‌തെന്ന എം.എ.വാഹിദിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെയാണ് പ്രസിഡന്റിന്റെ പ്രതികരണം. ധർമടത്ത് കരുത്തനായ സ്ഥാനാർത്ഥിയെ നിർത്താനാകാത്തതിൽ ദുഃഖമുണ്ടന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മണ്ഡലത്തിൽ പ്രാദേശിക സ്ഥാനാർത്ഥി വേണമെന്ന ശക്തമായ അഭിപ്രായം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയും പ്രാദേശിക നേതാക്കളും തന്നെ അറിയിച്ചു. അവരെയെല്ലാം പരമാവധി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലംകണ്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യുജ്വലമായ വിജയം കോൺഗ്രസ് നേടും. നൂറ് സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. നേമത്ത് കെ മുരളീധരൻ വിജയിച്ചുകഴിഞ്ഞു. എത്ര വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് മാത്രം ഇനി ചിന്തിച്ചാൽ മതി. വൈകാരികമായി നേമത്തെ ജനങ്ങൾക്ക് മുരളീധരനോട് അത്രയേറെ പ്രിയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല വലിയ വിഷയമേ അല്ല. എന്നാൽ ശബരിമല ചർച്ച ചെയ്യപ്പെടണം. നാമജപഘോഷ യാത്രയുമായി ബന്ധപ്പെട്ട് കേസെടുത്ത സർക്കാർ നടപടിയും വിഷയത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പും തുറന്നുകാണിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ എം എ വാഹിദിനെ ബിജെപിയിലേക്ക് ചാടിക്കാൻ ശ്രമിച്ചത് ഡിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. തനിക്ക് 25 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തെന്നും തിരുവനന്തപുരത്ത് മത്സരിക്കാൻ സീറ്റ് നൽകാമെന്ന് പറഞ്ഞതായും വാഹിദ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തന്നെ സമീപിച്ചതാരാണെന്ന് വാഹിദ് വ്യക്തമാക്കിയിരുന്നില്ല.

കണിയാപുരം ജുമാമസ്ജിദിന് സമീപത്തുവച്ചാണ് ആഡംബര കാർ ഉപയോഗിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി വാഹിദിനെ സമീപിച്ചത്. വെള്ളിയാഴ്ച നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയ വാഹിദിനെ കാത്തുനിൽക്കുകയായിരുന്നു ഇദ്ദേഹം. തുടർന്ന് കെ സുരേന്ദ്രൻ ഫോണിലുണ്ടെന്നും വാഹിദിക്കയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായും പറഞ്ഞു. എന്നാൽ, വാഹിദ് ഇതിനു തയ്യാറായില്ല. തുടർന്ന് ഇയാൾ തന്നെ ഡീൽ സംസാരിക്കുകയായിരുന്നു.

25 കോടിയും തിരുവനന്തപുരത്ത് സീറ്റുമായിരുന്നു വാഹിദിന് നൽകിയ വാഗ്ദാനം. മറ്റ് പലരെയും തങ്ങൾ സമീപിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. പല മണ്ഡലങ്ങളിലും അട്ടിമറി നടക്കുമെന്നും ഇതിനുള്ള ചർച്ചകൾ നടക്കുമെന്നും ഇയാൾ സൂചന നൽകിയിരുന്നു. എന്നാൽ, മറ്റേതെങ്കിലും പാർട്ടിക്ക് വേണ്ടി നടത്തിയ ഒത്തുകളിയാണോ ഇതെന്നും സംശയമുണ്ട്. നെടുമങ്ങാട് മണ്ഡലത്തിലും ഇത്തരം അട്ടിമറി നീക്കം നടന്നതായി സൂചനയുണ്ട്. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് വാഹിദ് ബിജെപി തനിക്ക് പണവും സീറ്റും വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്.