തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡിന് സമർപ്പിച്ച ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ കലഹം തുടരുമ്പോൾ മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കെ. സുധാകരനോട് ഫോണിൽ പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ടുകൾ. ഡൽഹിയിലേയ്ക്ക് അയയ്ക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കുകയോ ലിസ്റ്റ് കാണിക്കുകയോ ചെയ്യാത്തതാണ് മുല്ലപ്പള്ളിയുടെ അമർഷത്തിന് കാരണം.

ഞാനും കെപിസിസി പ്രസിഡന്റായിരുന്ന ആളാണ്. താൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ എല്ലാവരെയും സഹകരിപ്പിച്ചിരുന്നു. ഇപ്പോൾ തന്നിഷ്ടം മാത്രം. അവഗണന ഇനിയും സഹിക്കാനാകില്ല എന്ന് ഫോണിലൂടെ മുല്ലപ്പള്ളി സുധാകരനോട് പൊട്ടിത്തെറിച്ചെന്നാണ് മുല്ലപ്പള്ളിയോട് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. ഇക്കാര്യം ചാനലുകളും റിപ്പോർട്ടു ചെയ്യുന്നു.

സുധാകരനും മുല്ലപ്പള്ളിയും തമ്മിലുള്ള ബദ്ധവൈര്യം പ്രശസ്തമാണ്. മുല്ലപ്പള്ളി കണ്ണൂർ മണ്ഡലത്തിൽ നിന്നും പാർലമെന്റിലേയ്ക്ക് മൽസരിച്ചപ്പോൾ സുധാകരൻ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം മുമ്പുണ്ടായിരുന്നു. സുധാകരൻ പ്രസിഡന്റായ ശേഷം മുല്ലപ്പള്ളിയെ പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ട്. അതിന്റെ ഭാഗമായികൂടിയാണ് മുല്ലപ്പള്ളിയുടെ രോഷപ്രകടനം.

മുല്ലപ്പള്ളിയുടെ ഫോൺകോൾ ഏതാനും മിനിട്ടുകൾ മാത്രമേ നീണ്ടുനിന്നുള്ളു. സുധാകരനെ വിളിച്ച് അനിഷ്ടം പ്രകടിപ്പിച്ച ശേഷം മുല്ലപ്പള്ളി ഫോൺ കട്ട് ചെയ്യുകയായിരുന്നു. സുധാകരന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണങ്ങളൊന്നുമുണ്ടായില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുരളീധരൻ, മുല്ലപ്പള്ളി തുടങ്ങിയ മുതിർന്ന നേതാക്കളൊന്നും അന്തിമ പട്ടിക കണ്ടിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് അതൃപ്തിയുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. വിശദമായ കൂടിയാലോചന നടത്താതെയാണ് പട്ടിക തയ്യാറാക്കിയത്. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്നും നേതാക്കൾ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടു.

കെപിസിസി, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വർക്കിങ് പ്രസിഡന്റുമാരും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയും സമർപ്പിച്ചു. ഓരോ ജില്ലയിലും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നുപേർ വരെ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ പട്ടികക്കെതിരെയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയത്.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിൽ അന്തിമ ചർച്ചകളിലേക്ക് കടന്നെങ്കിലും ഒറ്റപ്പെരിലേക്ക് എത്തുന്നതിൽ നേതൃത്വം കുഴയുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങൾക്കൊപ്പം, ജാതി-മത-വനിതാ-യുവജന പരിഗണനയെല്ലാം ഉൾപ്പെടുത്തണം എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. പട്ടികയിൽ ആർക്കും അതൃപ്തിയില്ലെന്ന് കെ സുധാകരൻ ആവർത്തിക്കുമ്പോഴും ചർച്ചകൾ ഇനിയും നീളുമെന്നാണ് സൂചന.