തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി അധ്യക്ഷൻ മാറുമെന്ന വാർത്തകൾ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പിനെ താൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെ പി സി സി അദ്ധ്യക്ഷനായി തുടരുമെന്നും ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. താൻ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുമുഖങ്ങൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം കൊടുക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. സ്ഥാനാർത്ഥി നിർണയം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. മറ്റൊരു മാനദണ്ഡവും നോക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു, എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു അദ്ദേഹം.

കേരളത്തിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. അതിനായി പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തണം. സോളാർ ഫയലുകളിൽ അഞ്ച് വർഷമായി സർക്കാർ അടയിരിക്കുകയായിരുന്നു. എന്തുകൊണ്ട് അഞ്ച് വർഷമായിട്ടും അന്വേഷിക്കാൻ പറ്റിയില്ല. എപ്പോഴാണ് മുഖ്യമന്ത്രിക്ക് സി ബി ഐയോട് സ്‌നേഹം വന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.സി പി എമ്മും ബിജെപിയും പരസ്യ ധാരണയിലേക്ക് പോലുമെത്തിയെന്നും മുല്ലപ്പള്ളി വിമർശിച്ചു.

തില്ലങ്കേരിയിലെ തിരഞ്ഞെടുപ്പ് അത് സൂചിപ്പിക്കുന്നു. തില്ലങ്കേരി ആവർത്തിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യുവാക്കളോട് നീതി പുലർത്താൻ സർക്കാരിനായില്ലെന്നും പി എസ് സി യിൽ പുറം വാതിൽ നിയമനം നൽകി അവരെ വഞ്ചിച്ചുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

അതേസമയം മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും കോഴിക്കോടോ വയനാട്ടിലോ ഉള്ള മണ്ഡലങ്ങളിൽ മൽസരിക്കാനാണ് സാധ്യതയെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കോഴിക്കോട് കൊയിലാണ്ടി മണ്ഡലത്തിലോ വയനാട്ടിലെ കൽപ്പറ്റ മണ്ഡലത്തിലോ മുല്ലപ്പള്ളി മൽസരിക്കുമെന്നായിരുന്നു വാർത്തകൾ. കൽപ്പറ്റ മണ്ഡലത്തിൽ മൽസരിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു എന്നും വാർത്ത വന്നിരുന്നു. കൽപ്പറ്റയിൽ പ്രതീക്ഷയോടെ നിൽക്കുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം ഇതിനെതിരെ രംഗത്തുവന്നിരുന്നു. കൽപ്പറ്റയിൽ പുറത്ത് നിന്നുള്ളവർ മൽസരിക്കേണ്ട ആവശ്യമില്ല എന്നാണ് ലീഗ് നേതാക്കൾ പ്രതികരിച്ചത്.

മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചാൽ കെപിസിസി അധ്യക്ഷ പദവി ഒഴിയുമെന്ന് സൂചിപ്പിച്ചിരുന്നു. തുടർന്നാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾ വന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിയുടെ പല പ്രസ്താവനകളും യുഡിഎഫിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. കോൺഗ്രസിന് കനത്ത പരാജയം ഉണ്ടായതിന് പിന്നാലെ കെപിസിസി അധ്യക്ഷനായി കെ മുരളീധരനെയോ കെ സുധാകരനെയോ പരിഗണിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പലയിടത്തും ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.