തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വം വീണ്ടും ചർച്ചയാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നേമത്ത് ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് മടിയുണ്ടാകില്ലെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടി വാർത്ത നിഷേധിച്ചതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ നിലപാട് ആവർത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. നേമത്ത് മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയർന്നിട്ടുണ്ട്. എവിടെ മൽസരിച്ചാലും ഉമ്മൻ ചാണ്ടിക്ക് സ്വീകാര്യതയുണ്ട്. പുതുപ്പള്ളിയിൽ മൽസരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്ത് മൽസരിക്കുമെന്ന പ്രചാരണം നിഷേധിച്ച് ഉമ്മൻ ചാണ്ടി രംഗത്തെത്തിയിരുന്നു. പുതുപ്പള്ളി വിട്ടൊരു ജീവിതമില്ലെന്നും തെറ്റായ പ്രചാരണങ്ങൾ മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണമാണ് സംശയങ്ങൾക്ക് ബലം കൂട്ടിയത്. ഈ സംശയം വീണ്ടും മുല്ലപ്പള്ളി ആവർത്തിക്കുകയാണ്.

ബിജെപിയുടെ ശക്തികേന്ദ്രമായ നേമത്ത് ഉമ്മൻ ചാണ്ടി മൽസരിക്കണം. മണ്ഡലം പിടിക്കുന്നതിനൊപ്പം ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനേ കഴിയുവെന്ന സന്ദേശം നൽകാം. അതിലുപരി ബിജെപി കോൺഗ്രസ് ഒത്തുകളിയെന്ന പതിവ് ആക്ഷേപത്തിന് അറുതിയും വരുത്താം. ഇതാണ് പാർട്ടിയിലെ ഒരു കൂട്ടരുടെ വാദം. ഉമ്മൻ ചാണ്ടിക്കും നിർദേശത്തോട് എതിർപ്പില്ലെന്നാണ് വിവരം.

ഡൽഹിയിൽ നടന്ന ചർച്ചകളിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉമ്മൻ ചാണ്ടിയുടെ പേര് നേമത്തെ സ്ഥാനാർത്ഥിയായി മുമ്പോട്ട് വച്ചത്. ശശി തരൂർ ഈ നിർദേശത്തെ പിന്തുണയ്ക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയും അനുകൂലിച്ചു. എന്നാൽ കോൺഗ്രസിലെ എ ഗ്രൂപ്പ് ഇതിന് പിന്നിൽ ചതി കാണുന്നുണ്ട്. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടി ഇതിനെ തുടക്കത്തിലേ എതിർക്കുന്നത്. എങ്കിലും കോൺഗ്രസ് ഹൈക്കമാണ്ട് നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടിക്ക് മത്സരിക്കേണ്ടി വരും. കാര്യങ്ങൾ ഉമ്മൻ ചാണ്ടിയെ ബോധ്യപ്പെടുത്തി നേമത്ത് മത്സരിപ്പിക്കാൻ പാർട്ടിയിലെ മറു വിഭാഗം ശ്രമിക്കുകയും ചെയ്യും.

കോട്ടയത്തെ നേതാക്കളൊന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്ക് മാറുന്നതിനെ അനുകൂലിക്കുന്നില്ല. നേമത്ത് ജയസാധ്യത തീരേ കുറവാണ്. വട്ടിയൂർക്കാവിലും കാര്യങ്ങൾ അനുകൂലമല്ല. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് കരുതലോടെ നീങ്ങുന്നത്. എന്ത് വില കൊടുത്തും അധികാരത്തിൽ എത്താനാണ് നേമത്തേക്ക് ഉമ്മൻ ചാണ്ടിയെ നിർദ്ദേശിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഇത് കേരളത്തിൽ ഉടനീളം കോൺഗ്രസിന് ഗുണകരമാകും. താനും മകനും ഒരുമിച്ച് മത്സരിക്കുന്നതിനെ ഉമ്മൻ ചാണ്ടി അനുകൂലിക്കുന്നില്ല. ഇതും നേമത്തേക്ക് കളം മാറ്റാന്നതിനെ എതിർക്കാൻ ഉമ്മൻ ചാണ്ടിയെ പ്രേരിപ്പിക്കുന്നത്.

മണ്ഡല പുനർനിർണ്ണയത്തിന് മുമ്പ് കോൺഗ്രസിന്റെ കോട്ടയായിരുന്നു നേമം. എൻ ശക്തൻ തുടർച്ചയായി ജയിച്ച മണ്ഡലം. ശക്തൻ കാട്ടക്കടയിലേക്ക് പോയപ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലായി മത്സരം. ഇതിന് മാറ്റം വരുത്തനാണ് ഉമ്മൻ ചാണ്ടിയെ നിയോഗിക്കാനുള്ള ആലോചന. നേമത്തിന് പുറമേ വട്ടിയൂർക്കാവിലും ഉമ്മൻ ചാണ്ടിയുടെ പേര് സജീവ ചർച്ചയാണ്. കെ മുരളീധരൻ ഉറച്ച മണ്ഡലമായി കൊണ്ടു നടന്ന വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് നഷ്ടമായത്. ഇത് കോൺഗ്രസിന്റെ പ്രസ്റ്റീജ് സീറ്റാണ്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ വട്ടിയൂർക്കാവിലേക്ക് പരിഗണിക്കുന്നത്. പുതുപ്പള്ളിയിൽ 50 വർഷത്തിലേറെ തുടർച്ചയായി എംഎൽഎയായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി റിസ്‌ക് ഏറ്റെടുത്ത് തിരുവനന്തപുരത്ത് എത്തിയാൽ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കും എന്നാണ് അരിയുന്നത്.

ബിജെപിയെ ചെറുക്കാൻ കോൺഗ്രസ്-ഇതാണ് ഇത്തവണ ഉമ്മൻ ചാണ്ടിയെ നേമത്തോ വട്ടിയൂർക്കാവിലോ മത്സരിപ്പിച്ച് കോൺഗ്രസ് ഉയർത്താൻ ശ്രമിച്ച മുദ്രാവാക്യം. നേമത്ത് ഉമ്മൻ ചാണ്ടി എത്തിയാൽ വിജയ സാധ്യത ഏറെയാണെന്ന് കോൺഗ്രസ് കരുതുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി മത്സരിച്ചത് വീരേന്ദ്രകുമാറിന്റെ ദള്ളിന് വേണ്ടി സുരേന്ദ്രൻ പിള്ളയാണ്. ഏറെ പിന്നോക്കം പോയി യുഡിഎഫ്. അതുകൊണ്ട് തന്നെ അതിശക്തമായ ത്രികോണ മത്സരം ഉറപ്പാക്കാൻ ഉമ്മൻ ചാണ്ടിയെ ഇറക്കാനാണ് തീരുമാനം.