മുംബൈ: മുംബൈ നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. മുംബൈയിൽ കോവിഡ് വ്യാപനത്തിന്റെ വേഗം കൂടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളും. ഈ സാഹചര്യത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന സൂചന നൽകി കോർപറേഷൻ മേയർ രംഗത്തെത്തി. ജനങ്ങളുടെ സഹകരണത്തിനനുസരിച്ചാവും ലോക്ഡൗണിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് കോർപറേഷൻ മേയർ കിഷോർ പെഡൻകാർ പറഞ്ഞു.

ട്രെയിനുകളിൽ എത്തുന്നവർ മാസ്‌ക് ധരിക്കുന്നില്ല. ജനങ്ങൾ മുൻകരുതലെടുക്കണം. അല്ലെങ്കിൽ ലോക്ഡൗണിലേക്ക് നീങ്ങേണ്ടി വരുമെന്നും മേയർ പറഞ്ഞു. മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്ന സൂചന ഉപമുഖ്യമന്ത്രി അജിത് പവാറും നൽകിയിരുന്നു. ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ വേണ്ടി വരും. അതിനായി ജനങ്ങൾ തയാറായി ഇരിക്കണമെന്നും അജിത് പവാർ വ്യക്തമാക്കി. ജനങ്ങളുടെ ജാഗ്രതയിൽ കുറവ് വന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈയിൽ തിങ്കളാഴ്ച 493 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മുംബൈയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,14,569 ഉയർന്നു. ആകെ മരണം 11,420 ആയി.