മുംബൈ: മുംബൈ സബർബൻ ട്രെയിൻ ശൃംഖല ഓഗസ്റ്റ് 15 മുതൽ തുറക്കുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് യാത്ര ചെയ്യാനാണ് അനുമതിയുള്ളത്. അതേ സമയം കോവിഡ് കേസുകൾ ഉയർന്നാൽ വീണ്ടും ലോക്ഡൗൺ നടപ്പാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

'ഞങ്ങൾ ഇപ്പോൾ ചില ഇളവുകൾ നൽകുന്നുണ്ട്. പക്ഷേ കേസുകൾ ഉയർന്നാൽ വീണ്ടും ലോക്ക്ഡൗൺ ചെയ്യേണ്ടി വരും. അതിനാൽ മറ്റൊരു തരംഗത്തെ ക്ഷണിച്ചുവരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു' ഉദ്ദവ് താക്കറെ ജനങ്ങളോടായി പറഞ്ഞു.

രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മുംബൈയിൽ ലോക്കൽ ട്രെയിൻ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും. വാക്സിൻ ഡോസ് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന ആപ്പ് പുറത്തിറക്കും. ഈ ആപ്പ് ഉപയോഗിച്ചോ പാസ് ഉപയോഗിച്ചോ ആളുകൾക്ക് യാത്ര ചെയ്യാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി.

നാളെ കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിന് ശേഷം മാളുകളും റെസ്റ്റോറന്റുകളും തുറക്കുന്നത് ഉൾപ്പടെയുള്ള ഇളവുകൾ പ്രഖ്യാപിക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. നിലവിലെ മുംബൈയിലെ ലോക്കൽ ട്രെയിനുകൾ അവശ്യസേവനങ്ങൾ നടത്തുന്നവർക്ക് മാത്രമാണ് സർവീസ് നടത്തുന്നത്.