മുംബൈ: മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നതിനിടയിൽ പാർപ്പിട സമുച്ചയത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ ഗർത്തത്തിൽ വീണ് അപ്രത്യക്ഷമായി. മുംബൈയിലെ ഘട്കോപർ പ്രദേശത്തെ ഒരു പാർപ്പിട സമുച്ചയത്തിന്റെ പാർക്കിങ് സ്ഥലത്താണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ആളപായമില്ല. കിരൺ ദോഷി എന്ന പ്രദേശവാസിയുടേതാണ് കാറെന്ന് പൊലീസ് അറിയിച്ചു.

കാർ കുഴിയിലേക്ക് പതിക്കുന്നതും പിന്നീട് അപ്രത്യക്ഷമാവുന്നതാണ് വീഡിയോയിൽ കാണുന്നത്. കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളും ആദ്യം ഗർത്തതിലേക്ക് പതിക്കുകുകയും തുടർന്ന് പിൻഭാഗം ഉൾപ്പടെ കുഴിയിലേക്ക് ആണ്ടുപോവുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാറ് വെള്ളത്തിലേക്ക് അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന കിണർ മൂടിയശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് കാർ താഴ്ന്നു പോകാൻ കാരണമെന്നും പൊലീസ് അറിയിച്ചു. എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് യാതൊരു ചലനവും ഇല്ല.

ട്രാഫിക് പൊലീസാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുംബൈ കോർപറേഷൻ അറിയിച്ചു.

കോംപ്ലക്‌സിനുള്ളിലെ നിരവധി വീടുകളിൽ ഇത്തരത്തിലുള്ള കിണറുകൾ ഉണ്ടെന്ന് മുംബൈ കോർപറേഷൻ അറിയിച്ചു. മുംബൈയിൽ കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.