കോഴിക്കോട്: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാകുമോ? ഉണ്ടാകില്ലെന്ന സൂചനയായിരുന്നു നേരത്തെ കെപിഎ മജീദ് നൽകിയത്. എന്നാൽ ഈ അഭിപ്രായം മാറ്റിക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിൽ നിന്ന് ഇത്തവണ വനിതാ സ്ഥാനാർത്ഥികൾ വേണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്തുവന്നു. സ്ത്രീകൾക്ക് നേതൃത്വപദവി എല്ലാ പാർട്ടികളും നൽകുന്നുണ്ട്. ആ ഒരു പരിഗണന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗിന് അർഹമായ പരിഗണന ലഭിക്കും. എത്ര സീറ്റുകളെന്നത് തീരുമാനിച്ചിട്ടില്ല. ഇ്കകാര്യത്തെക്കുറിച്ചെല്ലാം പാർട്ടി ഗൗരവമായി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ പാർട്ടിയിൽ ഉണ്ടാകില്ല. യൂത്ത് ലീഗിൽ നിന്ന് സ്ഥാനാർത്ഥിയാകാൻ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് മജീദ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പറയാതെ പറഞ്ഞത് നിയസഭാ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫാത്തിമ തഹ്ലിയയെ ആണെന്നാണ് മജീദ് അഭിപ്രായപ്പെട്ടത്. സോഷ്യൽ മീഡിയയിൽ താരമായ എം.എസ്.എഫ് വനിതാ നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ ലീഗിനെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ലായിരുന്നു. എന്നാൽ ഫാത്തിമ അല്ലെങ്കിൽ മറ്റൊരു വനിതാ സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് മുനവ്വറലി നൽകുന്ന സൂചന.

ഇത്തവണ മുസ്ലിംലീഗിൽനിന്നും ഒരു വനിതാനേതാവ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന ലഭിച്ചതോടെ നിരവധി വനിതാ ലീഗ് ഭാരവാഹികളാണ് സ്ഥാനാർത്ഥിത്വത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്. രണ്ട് വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കുകയാണെങ്കിൽ ഒരു സീറ്റ് എം.എസ്.എഫിലെ വനിതക്ക് നൽകണമെന്ന് ലീഗ് വനിതാവിദ്യാർത്ഥി സംഘടനയായ ഹരിതയുടെ നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥി ചർച്ചകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫാത്തിമ തഹ്ലിയ സ്വയം പി.ആർ വർക്ക് നടത്തുന്നതായും വനിതാലീഗിൽ ആരോപണം ഉയർന്നിട്ടുണ്ട്.

മുസ്ലിം ലീഗിൽനിന്നു നേരത്തെ ഖമറുന്നീസ അൻവർ മാത്രമാണ് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ളത്. ഇവർ കോഴിക്കോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു ഫാത്തിമ തഹ്ലിയ. ഇതിന് മുബ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ തഹ്ലിയ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ രാഷ്ട്രീയപ്രവർത്തനത്തിന് പുറമേ കോഴിക്കോട് ജില്ല കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തഹ്ലിയയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

ഖമറുന്നീസ അൻവർ, നൂർബീന റഷീദ്, കുത്സു ടീച്ചർ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിത ലീഗ് നേതാവുമായ സുഹറ മമ്പാട്, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മീഷൻ അംഗവും സോഷ്യൽ വെൽഫെയർ ബോർഡ് ഡറയറക്ടറുമായിരുന്ന അഡ്വ. നൂർബിന റഷീദ്, മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്റെ ദേശീയ വൈസ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ തുടങ്ങി മൂന്ന് പേരുകൾവച്ചാണ് ചർച്ചകൾ നടക്കുന്നത്. മലപ്പുറം ജില്ലയിൽനിന്നോ, കോഴിക്കോട് ജില്ലയിൽനിന്നാ ആകും വനിതാ സ്ഥാനാർത്ഥിക്ക് സീറ്റു നൽകുകയെന്നാണ് സൂചന. മുമ്പ് 1996ൽ കോഴിക്കോട്-2 ൽനിന്നും ഖമറുന്നീസ അൻവർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇതിനാൽ തന്നെ വനിതാ സ്ഥാനാർത്ഥി മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ലീഗിന്റെ വനിതാ എംഎൽഎയാകാനുള്ള സാധ്യത ആർക്കാണെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. മൂന്നു പതിറ്റാണ്ടുകാലമായി മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ സജീവമായുള്ള നൂർബിന റഷീദിനാണ് കൂടുതൽ സാധ്യതയുള്ളത്. 10വർഷം കോഴിക്കോട് കോർപ്പറേഷനിൽ ജനപ്രതിനിധിയായിരുന്ന നൂർബിനയെ കഴിഞ്ഞ തവണയും നിയമസഭയിലേക്കു പരിഗണിക്കാനുള്ള സാധ്യതാചർച്ചകളുണ്ടായിരുന്നെങ്കിലും അവസാനം ഇതു നടക്കാതെ പോകുകയായിരുന്നു. കോഴിക്കോട് ബാറിലെ സജീവമായ അഭിഭാഷക കൂടിയാണ് നൂർബിന. അതോടൊപ്പം ഇപ്പോൾ പൊതുപ്രവർത്തന രംഗത്തും സജീവമാണ്.