മലപ്പുറം: സിപിഎം മുതിർന്ന നേതാവ് എ വിജയരാഘവനൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ച് മുസ്ലിം ലീഗ് നേതാവ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ട്രെയിൻ യാത്രിക്കിടെ എടുത്ത ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആശയപരമായ നിലപാടുകൾ വ്യത്യസ്തമാകുംമ്പോഴും യാത്രാ വേളകൾ എപ്പോഴും സൗഹൃദത്തിന്റെ നിമിഷങ്ങൾ കൂടിയായി തീരുന്നു. ഇന്ന് വടകരയിലേക്ക് ട്രൈൻ കയറിയപ്പോൾ.. എന്നു കുറിച്ചു കൊണ്ടാണ് മുനവ്വറലി ശിഹാബ് തങ്ങൾ ചിത്രം പോസ്റ്റു ചെയ്തത്.

അതേസമയം വിവിധ വിഷയങ്ങളിൽ ലീഗും സിപിഎമ്മും തമ്മിൽ കോർക്കുമ്പോഴാണ് ഇത്തരമൊരു പോസ്റ്റ് മുനവ്വറലിയിൽ നിന്നും ഉണ്ടായതെന്നും ശ്രദ്ധേയമാണ്. കേരളത്തിലെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി സ്വീകരിക്കുന്നത് വിപത്തിന്റെ വഴിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ വിമർശിച്ചിരുന്നു. മുസ്ലിം ലീഗിൽ ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ആവേശിച്ചിരിക്കുകയാണ്.

മതനിരപേക്ഷത നിലനിർത്താൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന എൽഡിഎഫ് ഭരണമാണ് കേരളത്തിലുള്ളത് എന്നതിനാലാണ് നാട് വർഗീയ ലഹളകളിലേക്ക് വീഴാത്തതെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.മുഹമ്മദലി ജിന്നയുടെ മുസ്ലിം ലീഗ് ഉയർത്തിയ തീവ്ര വർഗീയതയുടെ പാതയാണ് കേരളത്തിൽ ഇപ്പോൾ മുസ്ലിം ലീഗ് സ്വീകരിക്കുന്നത് എന്നാണ് കോടിയേരിയുടെ മറ്റൊരു കുറ്റപ്പെടുത്തൽ.