മൂന്നാർ: കേരളാ പൊലീസിൽ ഇപ്പോഴും പച്ചവെളിച്ചം സജീവം. തൊടുപുഴയിലെ തിരുത്തലും പൊലീസുകാരെ നേരയാക്കുന്നില്ല. ഒറ്റുകാർ പൊലീസിൽ ഇപ്പോഴുമുണ്ട്. പാലക്കാട്ട് ശ്രീനിവാസൻ വധക്കേസിൽ വിവങ്ങൾ ചോർത്തി നൽകിയതിന് ഫയർഫോഴ്‌സുകാരനേയും കുടുക്കിയിരുന്നു. ഈ മാതൃകയിൽ മൂന്നാറിലും ചില പൊലീസുകാർ സജീവമാണ്. തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന സംശയത്തെ തുടർന്ന് മൂന്നാർ സ്റ്റേഷനിലെ ഏതാനും പൊലീസുകാർക്കെതിരേ രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണമാരംഭിച്ചു. സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് സംശയം.

പ്രധാന രേഖകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥൻ വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകിയെന്നും മറ്റ് ചില ഉദ്യോഗസ്ഥർ ഇയാളെ സഹായിച്ചെന്നും വിവരമുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം തുടങ്ങിയതോടെ ഇവർ സ്ഥലംമാറ്റത്തിനുള്ള ശ്രമം തുടങ്ങിട്ടുണ്ട്. എന്തുതരത്തിലുള്ള വിവരങ്ങളാണ് ചോർത്തിയതെന്നുള്ളത് വിശദമായ അന്വേഷണത്തിൽ മാത്രമേ കണ്ടെത്താൻ കഴിയൂ. എതിർ പ്രസ്ഥാനത്തിലുള്ളവരുടെ പേരു വിവരങ്ങൾ പൊലീസിൽ നിന്ന് ശേഖരിച്ച് കൊലപാതകങ്ങൾക്കുള്ള ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കൽ തീവ്രവാദ സംഘടനകളുടെ സ്ഥിരം രീതിയാണ്. ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസൻ കൊലയിലും പാലക്കാട്ടെ ശ്രീനിവാസൻ കൊലയിലും ഇത്തരം 'ഹിറ്റ് ലിസ്റ്റ്' സ്വാധീനമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

ആറുമാസം മുൻപ് സമാന രീതിയിൽ തൊടുപുഴ സ്റ്റേഷനിൽനിന്ന് തീവ്രവാദ സംഘടനകളിലെ അംഗങ്ങൾക്ക് വിവരം ചോർത്തി നൽകിയ സംഭവമുണ്ടായിരുന്നു. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുമാസം മുൻപ് അന്വേഷണം നടത്തി സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ് ഡിപിഐക്കാരന് ചോർത്തി നൽകിയെന്നതായിരുന്നു തൊടുപുഴയിലെ വിഷയം. കരിമണ്ണൂർ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ഇയാൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

മറ്റൊരു കേസിൽ അറസ്റ്റിലായ എസ് ഡി പിഐക്കാരനാണ് അനസ് പൊലീസ് ഡേറ്റാ ബേസിൽ നിന്നും വിവരം ചോർത്തി നൽകിയെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്‌പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അനസിനെതിരെ നടപടികൾ തുടങ്ങിയത്. സമാന സ്വാഭാവത്തിലുള്ള ചോർത്തലാണ് മൂന്നാർ സ്‌റ്റേഷനിലും നടന്നതെന്നാണ് സൂചന.

കേരള പൊലീസിലെ സർക്കാർ സ്പോൺസേർഡ് ചാരവൃത്തിക്ക് ഇരയായത് സംഘപരിവാർ നേതാക്കൾ മാത്രമല്ല. പൊലീസുകാരും കോൺഗ്രസ്, സിപിഎം നേതാക്കളും വരെ തൊടുപുഴയിലെ പി.കെ അനസിന്റെ നേതൃത്വത്തിലുള്ള പൊലീസിലെ സ്ലീപ്പർ സെല്ലിന്റെ ചാരവൃത്തിക്ക് ഇരകളായിട്ടുണ്ടെന്നാണ് വിവരം. അനസിന്റെ ചാരപ്പണി പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാർഗറ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടിക വിപുലമാണെന്ന് കണ്ടത്.

പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾക്ക് പൊലീസിന്റെ ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങൾ മൊബൈൽ ഫോൺ വഴി ചോർത്തി നൽകിയതിനാണ് കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ അനസ് പി.കെ കുടുക്കലായത്. ഒരു കേസിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. തുടർന്നാണ് പൊലീസ് ആസ്ഥാനത്തേക്ക് വിവരം കൈമാറുകയും തിടുക്കപ്പെട്ട് അനസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തത്.

പൊലീസിലെ ഹിന്ദു വിശ്വാസികളുടെയും ക്ഷേത്രാചാരങ്ങളിൽ പങ്കെടുക്കുന്നവരുടെയും വിശദമായ പട്ടിക അനസ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇവർ ഇപ്പോൾ ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനുകളുടെ വിവരങ്ങൾ അടക്കമാണ് കൈമാറിയിരിക്കുന്നത്. മാത്രമല്ല സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സംസ്ഥാന നേതാക്കളുടെയും അവരുടെ അടുത്ത അനുയായികളുടെയും വിവരങ്ങളും ഇത്തരത്തിൽ ചോർത്തി നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും എതിർക്കുന്നവരാണ് ഇവരിൽ അധികവും.

പൊലീസുമായി സംഘർഷമുണ്ടായാൽ ഇവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് കടുത്ത ഹിന്ദുവിശ്വാസികളും സംഘപരിവാർ ബന്ധമുള്ളവരുമായ പൊലീസുകാരുടെ വിവരങ്ങൾ ശേഖരിച്ചത്. കോൺഗ്രസ്, സിപിഎം നേതാക്കളുടെ വിശദമായ വിവരങ്ങളും വീട്ടിലേക്കുള്ള വഴിയും വീട്ടുകാരുടെ വിവരങ്ങളും മക്കളുടെ പേരും സഹിതമാണ് ചോർത്തിയിരിക്കുന്നത്. ഭാവിയിൽ ഈ പാർട്ടികളുമായി സംഘർഷമുണ്ടാകുമ്പോൾ നേരിടാനുള്ള കരുതൽ പട്ടികയായിരുന്നു ഇത്. പൊലീസിൽ പച്ചവെളിച്ചം ഗ്രൂപ്പുണ്ടെന്നും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടതുണ്ടെന്നും ആദ്യം പുറത്തു പറഞ്ഞത് മുൻ ഡിജിപി കൂടിയായ ടിപി സെൻകുമാറായിരുന്നു.