കൊല്ലം: സിനിമാനടൻ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന മുരളി എന്ന വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജയന്റെ സഹോദരൻ സോമൻ നായരുടെ മകളും ക്ലീനിക്കൽ സൈക്കോളജിസ്റ്റുമായ ലക്ഷ്മി ശ്രീദേവി നായരുടെ പരാതി. തന്റെ വല്യച്ഛനായ കൃഷ്ണൻ നായർ എന്ന ജയനെ അപകീർത്തിപ്പെടുത്തികൊണ്ട് കൊല്ലം വള്ളിക്കീഴ് സ്വദേശിയായ മുരളി എന്ന പേരുള്ള വ്യക്തി യാതൊരു തെളിവുമില്ലാതെ മകനാണെന്ന് പറഞ്ഞ് ദൃശ്യമാധ്യമങ്ങളിലും ജനങ്ങളുടെ മുന്നിലും വ്യാജപ്രചരണം നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു.

തന്റെ അച്ഛനും അച്ഛന്റെ അമ്മയും മരണപ്പെടുന്നത് വരെ ഇത്തരത്തിൽ യാതൊരു അവകാശവാദങ്ങളും ഉയർന്നിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. 2001ൽ തന്റെ അമ്മ ശ്രീദേവി ഈ വ്യാജ വാർത്തയ്ക്കെതിരെ മുരളിയുടെ പേരിൽ കേസ് നൽകുകയും കോടതി ഇയാളെ വിലക്കുകയും ചെയ്തെന്ന് അവർ പറയുന്നു. ഇപ്പോൾ അമ്മയും മരിച്ച ശേഷം അയാൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ കൂടി വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. താൻ തിരക്കിയപ്പോൾ തന്റെ ബന്ധുക്കൾക്കാർക്കും ഇങ്ങനെയൊരു മകനുള്ളതായി അറിയില്ലെന്നും ലക്ഷ്മി പറയുന്നു.

മരിച്ചുപോയ ജയന്റെ പേര് കളങ്കപ്പെടുത്തുന്നതിനും തനിക്കും കുടുംബത്തിനും വന്നിട്ടുള്ള മാനഹാനിക്കും പരിഹാരം കാണണമെന്നാണ് പരാതിയിലെ ആവശ്യം. കഴിഞ്ഞ മാസമാണ് ലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നടൻ ജയന്റെ മകനാണെന്ന പേരിൽ മുരളിയുടെ വാർത്തകളും അഭിമുഖങ്ങളും നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

പരാതിയെപറ്റി പ്രതികരിക്കാൻ ലക്ഷ്മി ശ്രീദേവി നായർ വിസമ്മതിച്ചു. തനിക്ക് പറയാനുള്ളതെല്ലാം പരാതിയിലുണ്ടെന്നും കൂടുതലായി പ്രതികരിക്കാനൊന്നുമില്ലെന്നും അവർ പറഞ്ഞു.

1980 ൽ ജയൻ മരണപ്പെട്ട ശേഷം നാളിതുവരെയും അദ്ദേഹത്തിന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. 2001 ലാണ് അദ്ദേഹത്തിന്റെ മകൻ എന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മുരളി ജയൻ എത്തുന്നത്. എന്നാൽ ജയന്റെ വീട്ടുകാരുടെ ഇടപെടൽ മൂലം ആ വാർത്ത പയ്യെ മാഞ്ഞു പോയി.

എന്നാൽ, അടുത്തിടെ ഒരു പരിപാടിയിൽ നടി ഉമാ നായർ താൻ ജയന്റെ അനുജന്റെ മകളാണ് എന്ന് അവകാശപ്പെട്ടതിനെ തുടർന്ന് , ജയന്റെ സഹോദൻ സോമൻ നായരുടെ മകൻ ആദിത്യനും സഹോദരി ഡോക്ടർ ലക്ഷ്മി നായരും ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ആദിത്യന് എതിരെയും മുരളി അഭിമുഖങ്ങളിൽ പരാമർശങ്ങൾ നടത്തി. താൻ ജയന്റെ മകനാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം ആവർത്തിച്ചുപറയുന്നു.