കൊല്ലം: വാക്കേറ്റത്തെത്തുടർന്നു യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കൊല്ലം വെടിക്കുന്ന് സ്വദേശി മഹേഷിന്റെ കൊലപാതകത്തിൽ പ്രദേശവാസിയായ ഷിബുവിനെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 9നു വെടിക്കുന്ന് കുരിശടിക്കു സമീപമാണു സംഭവം.

കൊല്ലപ്പെട്ട മഹേഷിന്റെ ബന്ധു പ്രദേശവാസിയോട് സംസാരിച്ചതിനെച്ചൊലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.കൊല്ലം കന്റോൺമെന്റ് സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന മഹേഷ് ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. ഇതിനിടെ, വഴിയിൽ ഷിബുവുമായി സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്ന തന്റെ ബന്ധുവായ യുവാവിനോടു വീട്ടിലേക്കു കയറിപ്പോകാൻ മഹേഷ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഷിബു വാക്കേറ്റം തുടങ്ങുകയും പിന്നിലൂടെയെത്തി തലയിൽ കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു.

ബോധരഹിതനായി വീണ മഹേഷിനെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ശശിയുടെയും കനകയുടെയും മകനാണ്. സഹോദരി: സൗമ്യ. അവിവാഹിതനാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.