കൊല്ലം: ഭാര്യയെ ഗുരുതരമായി കുത്തി മുറിവേൽപ്പിച്ച് കടന്നുകളഞ്ഞ ആലപ്പുഴ തുമ്പോളി സ്വദേശി ചാർലി എന്നു വിളിക്കുന്ന ടിന്റു (38) അറസ്റ്റിലായി. നീണ്ടകര പുത്തൻതുറ ബേക്കറി ജംഗ്ഷൻ കിഴക്കുവശം വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ മിനിമോൾ മേരി ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പതിനൊന്ന് മണിയോടെ ഉറങ്ങാൻ കിടന്ന മേരിയും ചാർലിയും തമ്മിൽ കുടുംബ കാര്യങ്ങളെച്ചൊല്ലി സംസാരിച്ചുകൊണ്ടിരിക്കെ തർക്കമുണ്ടായി. കുപിതനായ ചാർലി മേരിയെ മർദ്ദിക്കുകയും കിടപ്പുമുറിയിൽ നിന്ന് അടുക്കളയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയുമായിരുന്നു. എന്നിട്ട് അവിടെയിരുന്ന കറിക്കത്തി കൊണ്ട് തുരുതുരെ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. ഈ സമയം ഏഴും മൂന്നും വയസ്സുള്ള മക്കൾ മറ്റൊരു മുറിയിൽ ഉറക്കത്തിലായിരുന്നു.

രക്തം വാർന്ന് അടുക്കളയിൽ കിടന്ന മിനിമോളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആദ്യം പ്രതി കൂട്ടാക്കിയില്ല. ഒടുവിൽ പ്രാണനു വേണ്ടി പിടഞ്ഞ മേരി കണ്ണീരോടെ യാചിച്ചപ്പോൾ, അവശയായ ഭാര്യയെ അയാൾ അടുത്തുള്ള ഫൗണ്ടേഷൻ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കാറുമായി ഇയാൾ കടന്നുകളഞ്ഞു.

ഗുരുതരമായി പരിക്കേറ്റ മേരിയെ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതി മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ചു. ചവറ എസ്‌ഐ സുകേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കോട്ടയത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ചവറ സിഐ, എ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അംഗം പ്രതിയെ പുത്തൻ തറയിൽ ഉള്ള സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.