മലപ്പുറം: സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കരിപ്പൂർ വിമാനത്തവളത്തിൽവെച്ച് പിടികൂടി. പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസിലെ പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് തിരൂർ സിഐ: ടി.പി.ഫർഷാദും എസ്‌ഐ. ജിതിൻ വാസുവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

പുറത്തൂർ പടിഞ്ഞാറേക്കരയിലെ ചെറുവളപ്പിൽ മുസ്തഫ (34)യാണ് അറസ്റ്റിലായത്. മുസ്തഫയുടെ സഹോദരീ പുത്രനെ വെട്ടി പരുക്കേൽപ്പിച്ച കേസിലെ പ്രതിയുടെ സഹോദരനായ ഉണ്ണിയാൽ പുതിയ കടപ്പുറത്തെ ആലിഹാജിന്റെ പുരക്കൽ അർഷാദ് ബാബുവിനെ കൂട്ടായിയിൽ വച്ച് വാളും മറ്റു മാരകായുധങ്ങളുമായി വന്ന് വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2018 മെയ് 12ന് വൈകീട്ട് ഏഴുമണിക്കായിരുന്നു സംഭവം.

കേസിൽ വേറേയും പ്രതികളുണ്ട്.സംഭവ ശേഷം മുസ്തഫ വിദേശത്തേക്ക് കടന്നു. നാട്ടിലേക്ക് വരുന്ന വിവരം അറിഞ്ഞ പൊലീസ് ഇയാളെ കരിപ്പൂരിൽ വിമാനം ഇറങ്ങിയ ഉടൻ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ത്രേട്ടു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.