മലപ്പുറം: സുഹൃത്തുക്കൾ വില്ലന്മാരാകുന്ന സംഭവങ്ങൾ ഇപ്പോൾ അപൂർവമല്ല..സാധാരണമായി കൊണ്ടിരിക്കുന്നു. പണത്തിനായി ആർത്തി കൂടുമ്പോൾ ചങ്ങാതിയായാലും വേണ്ടില്ല, ഏതുമാർഗ്ഗേനയും അതുപോക്കറ്റിലാക്കണം എന്നാണ് ചിലരുടെ ചിന്ത. മലപ്പുറത്ത് എടപ്പാൾ കാളച്ചാലിൽ 25 കാരനായ ഇർഷാദ് ജൂൺ 11 ന് രാത്രി വീട്ടിൽ നിന്ന് ബിസിനസ് കാര്യത്തിനായി ഇറങ്ങിപ്പോവുമ്പോൾ വീട്ടുകാർ കരുതിയോ ഒരുദുഃഖ വാർത്ത കേൾക്കേണ്ടി വരുമെന്ന്. ഏതായാലും ആറ് മാസത്തിന് ശേഷം അവർ അത് കേട്ടു.

ആറുമാസം മുമ്പ് കാണാതായ ഇർഷാദിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ താഴ്‌ത്തി. പ്രതികൾ പിടിയിലായത് വീട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിൽ. പ്രതികളുടെ പിറകെ പൊലീസ് നടന്നത് മാസങ്ങൾ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും തെളിവുകൾ ലഭിച്ചു.

കാണാതായ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ ഇന്നാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്..വട്ടംകുളം സ്വദേശികളായ മേനോപറമ്പിൽ എബിൻ (27), അധികാരിപ്പടി സുഭാഷ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ ഒളിപ്പിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതു സംബന്ധിച്ച് പൊലിസ് ശനിയാഴ്ച വിശദമായ പരിശോധന നടത്തും.

എടപ്പാൾ സ്വദേശിയും പന്താവൂർ കാളാച്ചാൽ താമസക്കാരനുമായ കിഴക്കെ വളപ്പിൽ ഹനീഫയുടെ മകനാണ് മരിച്ച ഇർഷാദിനെ 2020 ജൂൺ 11 ന് രാത്രി 9 ന് ശേഷമാണ് വീട്ടിൽ നിന്ന് കാണാതായത്.രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇർഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ഇർഷാദിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്കും,കളക്ടർ,മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിരുന്നു.

മൊബൈൽ സാമഗ്രികളുടെ ജീവനക്കാരനായിരുന്ന ഇർഷാദിന് പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് പ്രതികൾ അഞ്ചുലക്ഷം രൂപ വാങ്ങി. ഇത് തിരികെ ചോദിച്ചതിനെ തുടർന്നാണ് പ്രതികൾ ഇർഷാദിനെ കൊലപ്പെടുത്തിയത്. ഇർഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റിൽ തള്ളിയതായാണ് സൂചന.

നാളെ പരിശോധന നടത്തി ഇത് കണ്ടെത്തേണ്ടതുണ്ട്. ജില്ലാ പൊലീസ് മേധാവി അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു.