തിരുവനന്തപുരം: ഹരിതാ നേതാക്കൾക്കെതിരായ മുസ്ലിം ലീഗിന്റെ നടപടിയിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. അവരുടെ സ്ത്രീ വിരുദ്ധ പരാമർശം ഇന്ത്യൻ ഭരണഘടനയെ പിന്തുടരുന്നതല്ല താലിബാൻ ഭരണഘടനയെ അനുകരിക്കുന്നതാണ്. എന്ത്കൊണ്ടാണ് യൂത്ത് കോൺഗ്രസ് ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു.

മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ കേരള പൊതു സമൂഹത്തിനിടയിൽ പ്രതിഷേധം ഉയർന്നുവരണമെന്ന് എ എ റഹീം അഭ്യർത്ഥിച്ചു. ഹരിതയുടെ മുൻ ഭാരവാഹികൾ പറഞ്ഞത് അവർ കടുത്ത മാനസിക സംഘർഷങ്ങൾക്കിരയായെന്നും ആസൂത്രിതമായ അക്രമം ഉണ്ടായിരുന്നുവെന്നാണ്. യൂത്ത് ലീഗിന്റെ നേതൃത്വം യഥാർഥത്തിൽ ഒറ്റുകൊടുക്കുകയാണ് ചെയ്തത്.

പെണ്ണ് പറയാറായൊ എന്ന നിലപാടാണ് ലീഗിനുള്ളത്. സ്ത്രീ വിരുദ്ധതയുടെ അംബാസിഡർമാരായി ലീഗ് നേതൃത്വം മാറി. സഹപ്രവർത്തകരോട് മോശമായി പെരുമാറുന്നവരാണ് ലീഗിലുള്ളത്. ആത്മാഭിമാനമുള്ള ഒരു വനിതക്കും ലീഗിൽ പ്രവർത്തിക്കാൻ സാധിക്കില്ല. ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായാണ് ലീഗ് പ്രവർത്തിക്കുന്നത്.

സ്ത്രീപുരുഷ സമത്വം ഭരണഘടന ഉറപ്പുനൽകുന്നതാണ്. എന്നാൽ ലീഗിനിത് ബാധകമല്ലെന്നും റഹീം പറഞ്ഞു. യൂത്ത് ലീഗിൽ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് പ്രാതിനിധ്യമില്ലാത്തത്. ഈ സമീപനം താലിബാനെ അനുകരിക്കുന്നതിന് തുല്ല്യമാണ്.

ആൺ അധികാരത്തെ ചോദ്യം ചെയ്യാനുള്ള മുൻ ഹരിതാ നേതാക്കളുടെ മുന്നേറ്റത്തെ ഡിവൈഎഫ്ഐ അഭിനന്ദിക്കുന്നു. ഹരിത നേതാക്കൾ ലീഗിൽ തന്നെ തുടരുകയാണ് ഈ അവസരത്തിൽ ഡിവൈഎഫ്ഐ അവരെ സ്വാഗതം ചെയ്യുന്നില്ല. അവർക്ക് നിരുപാധിക പിന്തുണ നൽകും. ലീഗ് നേതൃത്വം സ്ത്രീ ശബ്ദത്തെ ചിറകെട്ടി നിർത്തിയിരിക്കുകയാണ്. ഇപ്പോൾ ആ ചിറപൊട്ടി പുറത്തുവന്നിരിക്കുകയാണ്. ഇതിനെ തടഞ്ഞ് നിർത്താൻ മുസ്ലിം ലീഗിന് സാധിക്കില്ല എന്നും റഹീം പറഞ്ഞു.