കോഴിക്കോട്: ലോക്ക്ഡൗൺ ഇളവിൽ പള്ളികൾ തുറക്കാൻ അനുവദിക്കാത്തതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്ത്. വിവിധ സംഘടനകൾ ചേർന്ന് നൽകിയ നിവേദനം മുഖ്യമന്ത്രി തള്ളിയതിനെതിരെയാണ് പ്രതിഷേധം. സുന്നി മുജാഹിദ് ജമാഅത്തെ ഇസ്സാാമി തുടങ്ങിയ സംഘടനകളെല്ലാം പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധമറിയിച്ചു.

ഇ കെ സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി അടക്കമുള്ളവർ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. വെള്ളിയാഴ്ചയിലെ ജുമഅ നമസ്‌കാരത്തിന് 40 പേരെ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും മറ്റ് എപി സുന്നി നേതാക്കളും മുഖ്യമന്ത്രിക്ക് കത്തയച്ചു.

മറ്റു മേഖലകൾക്ക് ഇളവ് അനുവദിച്ചപ്പോ ആരാധനാലയങ്ങളെ അവഗണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുൾ അസീസ് കുറ്റപ്പെടുത്തി. നിയന്ത്രണങ്ങളോടെയെങ്കിലും ആരാധനയ്ക്ക് അനുമതി നൽകാത്തത് ഖേദകരമാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് അബ്ദുള്ളക്കോട മദനി പറഞ്ഞു. ഇകെ സുന്നി വിഭാഗം നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം കടുപ്പിക്കുകയാണ്.

ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ടിപിആർ കുറവുള്ള സ്ഥലങ്ങളിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ആവശ്യപ്പെട്ടു. ആരാധനാലയങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകൾ ഇവ പൂട്ടിയിട്ടതു കാരണം ഒരു മാസത്തിലേറെയായി ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ നാടിന്റെയും സമൂഹത്തിന്റെയും രക്ഷയ്ക്കായി വിശ്വാസികൾ സർക്കാർ നിർദേശങ്ങൾ പൂർണമായി പാലിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റു മേഖലകളിൽ ഉപാധികളോടെ നൽകുന്ന ഇളവ് ആരാധനാലയങ്ങൾക്കും നൽകണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാ കർമങ്ങൾ നടത്താൻ അവസരമൊരുക്കണം. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് 40 പേർക്കെങ്കിലും അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ വലുപ്പത്തിനനുസരിച്ച് എണ്ണം നിജപ്പെടുത്തി ആരാധനാലയങ്ങൾ പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളുകൾ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തിൽ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. ആരാധനാലയങ്ങൾ പ്രവർത്തിക്കാൻ അനുമതി വേണമെന്ന് വിശ്വാസികൾ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു