തിരുവനന്തപുരം : കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവ് ഷിജിനും ജോയ്‌സ്‌നയും തമ്മിലുള്ള പ്രണയ വിവാഹ വിവാദത്തിൽ സി പി എം സ്വീകരിച്ച നിലപാടിൽ മുസ്ലിം സംഘടനകൾ ഒന്നാകെ സി പി എമ്മിനെതിരെ തിരിഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ കപട ന്യൂനപക്ഷ പ്രേമത്തിലും സംഘപരിവാർ എന്ന ഉമ്മാക്കി കാട്ടിയുള്ള അവരുടെ ഭീഷണിയിലും മയങ്ങിപ്പോയ ഒരു വിഭാഗം മുസ്ലീങ്ങൾ പാർട്ടിയെ അന്ധമായി പിന്തുണച്ചതുകൊണ്ടാണ് തുടർ ഭരണം സാധ്യമായത്.

മതാന്തര വിവാഹങ്ങൾക്കെതിരെ സാധാരണ ഗതിയിൽ ഉയരുന്ന എതിർപ്പുകളെ ഒത്തുതീർപ്പാക്കാനും സമുദായ സൗഹാർദം നിലനിർത്താനും ബാധ്യതയുള്ള സി പി എം മുൻ എംഎൽഎ ജോർജ് എം തോമസ്, ലൗ ജിഹാദ് വിവാദമുയർത്തി മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു എന്നാണ് മുസ്ലിം ലീഗ്, ജമാ അത്തേ ഇസ്ലാമി, എസ്ഡിപി ഐ അടക്കമുള്ള മുസ്ലിം സംഘടനകൾ ആക്ഷേപിക്കുന്നത്.

പ്രണയ വിവാഹത്തിനെതിരെ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്ത പള്ളി വികാരിയുടേയും തീവ്ര ക്രൈസ്തവ സംഘടനയായ കാസയുടെയും നടപടികളെ സി പി എം അപലപിക്കാത്തതും മുസ്ലിം സംഘടനകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. തങ്ങളുടെ ഒപ്പം നിൽക്കുന്ന സഖാവിനെ വർഗീയവാദികൾ ലൗ ജിഹാദ് മുദ്ര കുത്തി പ്രചാരണം നടത്തിയപ്പോൾ അതിനെ എതിർക്കാതെ അവരുടെ വാദം സി പി എം നേതൃത്വം പൂർണമായി ഏറ്റെടുത്തതും മുസ്ലിം സംഘടനകളെ ദുഃഖിതരാക്കിയിട്ടുണ്ട്. നിർണായ ഘട്ടത്തിൽ പാർട്ടി തങ്ങളെ ചതിച്ചുവെന്നാണ് അവർ കരുതുന്നത്.

ക്രൈസ്തവ സമൂഹത്തിലെ തീവ്രവാദ സമീപനങ്ങളോട് സി പി എം കാണിച്ച അനുഭാവ പൂർണ സമീപനവും വോട്ട് ബാങ്ക് രാഷ്ട്രീയമായാണ് മുസ്ലിം സംഘടനകൾ കരുതുന്നത്. ഈ നിലപാടുകൾ സി പി എമ്മിന്റെ വിശ്വാസ്യതയിൽ വലിയ തോതിൽ വിള്ളൽ വീഴ്‌ത്താനിടയായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ജോർജ് എം തോമസ് ഉദ്ധരിച്ച പാർട്ടി രേഖയിലെ പരാമർശങ്ങളെ നിഷേധിക്കാനോ തള്ളിപ്പറയാനോ ജില്ലാ - സംസ്ഥാന നേതൃത്വങ്ങൾ തയ്യാറായിട്ടില്ല.

പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് - ലോക്കൽ സമ്മേളനങ്ങൾക്കായി വിതരണം ചെയ്ത പാർട്ടിക്കുറിപ്പിലാണ് തീവ്ര മുസ്ലിം സംഘടനകളിൽ പെട്ട ചിലർ പ്രൊഫഷണൽ കോളജുകളിൽ പഠിക്കുന്ന അന്യമതസ്ഥരും വിദ്യാസമ്പന്നരുമായ പെൺകുട്ടികളെ പ്രണയം നടിച്ച് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിൽ വിദ്യാർത്ഥി - യുവജന മുന്നണികൾ ജാഗ്രത പാലിക്കണമെന്ന് പറയുന്നത്. ഇക്കാര്യമാണ് ജോർജ് തോമസ് ആവർത്തിച്ചതും.

ഷിജിന്റെത് ലൗ ജിഹാദാണെന്ന് സ്ഥാപിച്ച ജോർജ് തോമസിന്റെ നടപടി വെറും നാക്ക് പിഴ മാത്രമാണെന്ന് പറയുമ്പോഴും സി പി എം പാർട്ടി രേഖയിലെ പരാമർശങ്ങൾ നിഷേധിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. സഖാവായ മുസ്ലിം യുവാവ് അന്യമതസ്ഥയെ കല്യാണം കഴിച്ചാൽ അത് ലൗ ജിഹാദാണെന്ന് പറയുന്ന പാർട്ടി നിലപാടിനെ നിസ്സാരവൽക്കരിക്കുന്ന സി പി എം നേതൃത്വത്തി നെതിരെ കടുത്ത അമർഷത്തിലാണ് മുസ്ലിം സംഘടനകൾ. അലൻ - താഹ വിഷയത്തിലും സി പി എം കോഴിക്കോട് ജില്ലാക്കമ്മറ്റി സമാനമായ പ്രസ്താവനകൾ നടത്തിയിരുന്നു.

അന്ന് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ടി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലായിരുന്നു മാവോവാദി - തീവ്രവാദ ആക്ഷേപം ഉയർത്തിയത്. ലൗ ജിഹാദ് വിവാദം സി പി എം ഉയർത്തി വിട്ടതിനോട് പൊറുക്കാനാവില്ലെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. സി പി എം വളരെ ബോധപൂർവ്വം മത ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കയാണെന്നാണ് മുസ്ലിം ലീഗ് നിലപാട്. യു ഡി എ ഫിനൊപ്പമുള്ള മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നുവെന്നാണ് ലീഗ് സെക്രട്ടറി പി.എം എ സലാം വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചത്.

ഒരു സമുദായത്തെ തങ്ങളിലേക്കടുപ്പിക്കാൻ മറ്റൊരു സമുദായത്തിന്റെ പേരിൽ ലൗ ജിഹാദ് ആരോപിക്കുന്നതിലെ അമർഷവും അപകടവുമാണ് ലീഗ് ചൂണ്ടിക്കാണിച്ചത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെ താഴെത്തട്ടിലുള്ള ഘടകങ്ങൾ ചർച്ച ചെയ്ത രേഖയെക്കുറിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയും നേതൃത്വവും നിലപാട് പറയണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.

മലബാറിൽ കാന്തപുരം, എസ്ഡി പി ഐ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കിയ സി പി എമ്മിന്റെ വിശ്വാസ്യതക്കാണ് വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. സംഘ പരിവാർ വാദം പാർട്ടി ഏറ്റുപിടിച്ചെന്ന ആക്ഷേപത്തിന് വരുന്ന ദിവസങ്ങളിൽ സിപിഎം വൻ വില നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)