ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജോർജ് മുത്തൂറ്റ് മരിച്ചത്. പരിക്കേറ്റ ജോർജ് മുത്തൂറ്റിനെ ഫോർട്ടിസ് എസ്‌കോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമാർട്ടം നടത്തിയെന്നും മരണത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും ഡൽഹി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ജോർജ് മുത്തൂറ്റിന്റെ മരണം ഹൃദയാഘാതമെന്ന തരത്തിലാണ് ആദ്യ ദിനം വാർത്തകൾ വന്നത്. ഇതിനെ അപ്രസക്തമാക്കിയാണ് ഡൽഹി പൊലീസിന്റെ വെളിപ്പെടുത്തൽ എത്തിയത്. എം ജി ജോർജ് മുത്തൂറ്റ് അദ്ദേഹം താമസിച്ചിരുന്ന ഡൽഹി ഫരീദാബാദിൽ ഉള്ള വീടിന്റെ നാലാമത്തെ നിലയിൽ നിന്നും കാല് വഴുതി താഴത്തെ നിലയിലേക്ക് വീണാണ് അദ്ദേഹം മരിക്കുന്നത് എന്നാണ് ഫരീദാബാദ് ഡിസിപി പറയുന്നത്. മരണത്തിൽ സംശയങ്ങൾ ഒന്നുമില്ല സിസിടിവി പരിശോധിക്കുന്നുണ്ട് മറ്റുള്ള കുടുംബാംഗങ്ങളോടും മൊഴി എടുത്തിട്ടുണ്ട്.

ജോർജിന് കോവിഡ് വന്നിരുന്നു തുടർന്ന് അദ്ദേഹം ഓഫീസിൽ പോകാറില്ലായിരുന്നു. നടക്കുമ്പോൾ ചെറുതായിട്ട് കാലിന് സ്വാധീന കുറവ് ഉണ്ടായിരുന്നു. കോവിഡിന് ശേഷമായിരുന്നു ഇത്. ഈ പ്രശ്‌നമാകാം അപകടമുണ്ടാക്കിയതെന്നാണ് നിഗമനം. ബന്ധുക്കൾക്ക് ആർക്കും മറ്റ് സംശയങ്ങളില്ലാത്തതിനാൽ തുടരന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന.

ജോർജ് മുത്തൂറ്റിന്റെ മൃതദേഹം ഞായറാഴ്ച പനമ്പിള്ളി നഗറിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് പത്തനംതിട്ട കോഴഞ്ചേരിയിലേയ്ക്കു കൊണ്ടുപോയത്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ന്യൂഡൽഹിയിലെ സെന്റ് ജോർജ്‌സ് ഹൈസ്‌കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം.ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ. ഇതിൽ പോൾ മുത്തൂറ്റിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തുകയായിരുന്നു.

2009 ഓഗസ്റ്റ് 21ന് അർധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംക്ഷനിലാണു പോൾ കൊല്ലപ്പെടുന്നത്. ആലപ്പുഴയിൽ ക്വട്ടേഷൻ നടപ്പാക്കാൻ പോകുകയായിരുന്ന പ്രതികൾ വഴിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തർക്കത്തിലായെന്നും തുടർന്ന് കാറിൽ നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി എന്നുമാണു സിബിഐ കേസ്. പൊലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ 2010 ജനുവരിയിലാണ് പോൾ ജോർജ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. കേസിൽ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തൻപാലം രാജേഷും സംഭവത്തിൽ മാപ്പുസാക്ഷികളായിരുന്നു. കാരി സതീഷ് ഇപ്പോഴും ഈ കേസിൽ ജയിലിലാണ്.

മകന്റെ മരണത്തിന് ശേഷവും ബിസിനസിൽ ശ്രദ്ധ നൽകി മുന്നേറി ജോർജ്. മുത്തൂറ്റ് ഗ്രൂപ്പിനു കീഴിൽ ധനകാര്യ സേവന വിഭാഗത്തിന് തുടക്കമിട്ട എം. ജോർജ് മുത്തൂറ്റിന്റെ മകനായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ 1949-ലായിരുന്നു ജനനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. 1979ൽ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റു. 1993ൽ ഗ്രൂപ്പിന്റെ ചെയർമാനായി. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്.

ജോർജ് സ്ഥാനമേൽക്കുമ്പോൾ കേരളം, ഡൽഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിലായി 31 ബ്രാഞ്ചുകൾ മാത്രമാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 5,500 ലേറെ ബ്രാഞ്ചുകളിലായി ഇരുപതിലേറെ വൈവിധ്യമാർന്ന ബിസിനസ് വിഭാഗങ്ങൾ മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്.