കൊച്ചി: പട്ടയഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസിൽ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ വാദങ്ങൾ അംഗീകരിച്ചാണ് പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്.

സംസ്ഥാനത്തു പട്ടയഭൂമിയിലെ അനധികൃത മരംമുറി പ്രാഥമിക വിലയിരുത്തലുകൾക്കെല്ലാം അപ്പുറമെന്നാണ് വനം വകുപ്പ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയത്. ഏറ്റവും കൂടുതൽ മരംമുറി നടന്നതായി കരുതുന്ന ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ റിപ്പോർട്ട് അടക്കം ഇക്കാര്യത്തിൽ പരിശോധിക്കേണ്ടതുണ്ട്. മരം മുറി കേസിൽ റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി നേരത്തെ വനം വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു.

പ്രതികൾക്കെതിരെ സംസ്ഥാന ജൈവ വൈവിധ്യ നിയമത്തിന്റെ 7, 24 വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ബയോ ഡൈവേഴ്‌സിറ്റി ബോർഡിന്റെ അനുമതി ഇല്ലാതെ ഈട്ടിമരം മുറിച്ചതാണു കുറ്റം. 3 വർഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാത്ത വകുപ്പുകളാണിത്.

കർഷകരെ സംരക്ഷിക്കുകയും ഇടനില നിൽക്കുന്ന കച്ചവടക്കാരെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ബയോ ഡൈവേഴ്‌സിറ്റി ആക്ട്. 2002 ൽ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഈ നിയമം ഉപയോഗിച്ച് കേസെടുക്കാനുള്ള അധികാരം വനം റേഞ്ച് ഓഫിസർമാർക്ക് ലഭിച്ചത് 2016 മുതലാണ്. കർഷകരെ ആക്ടിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാൽ മുട്ടിൽ കേസിൽ പ്രതികളായ 3 സഹോദരന്മാർക്കും ഇടനിലക്കാർക്കും എതിരെയാണ് ഈ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

മുട്ടിൽ മരം മുറിയിൽ വനം വകുപ്പിന്റെ കേസുകൾ ദുർബലമായിരുന്നു. 43 കേസുകളിൽ 2 കേസുകൾ മാത്രമാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം എടുത്തിരുന്നത്. മറ്റു കേസുകളിൽ എല്ലാം പരമാവധി 100 രൂപ പിഴയും 6 മാസം തടവുമാണു ശിക്ഷ. ഈ സ്ഥാനത്താണു കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തുന്നത്.

അതേ സമയം മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി. എറണാകുളം ജില്ലയിലെ ധർണ്ണ കെപിസിസി വർക്കിങ് പ്രസിഡന്റ് പിടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മരകൊള്ളയക്ക് പിന്നിൽ പ്രവർത്തിച്ച മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് പിടി തോമസ് പറഞ്ഞു. മരം മുറി കേസിലെ പ്രതി മുന്മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരനെ എന്തിന് ബന്ധപ്പെട്ടുവെന്ന് വ്യക്തമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തിന്റെ വസ്തുതകൾ അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ്ധ സമിതിയെ യു ഡി എഫ് നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. പ്രൊഫ ഇ. കുഞ്ഞികൃഷ്ണൻ, അഡ്വ സുശീല ഭട്ട്, റിട്ടയേഡ് ഐ എഫ് എസ് ഉദ്യോഗസ്ഥൻ ഒ ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. യു ഡി എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ യു ഡി എഫ് ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.