കോഴിക്കോട്; മുട്ടിൽ മരം മുറിയുമായ ബന്ധപ്പെട്ട് മരം കടത്താൻ ഉപയോഗിച്ച ലോറി കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്ക് സമീപം മാനിപുരത്ത് നിന്നും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ലോറി കസ്റ്റിഡയിലെടുത്തതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ് ഇപ്പോൾ.

വനം വകുപ്പ് ലോറി കസ്റ്റഡിയിലെടുക്കാൻ വരുന്നത് ലോറി ഉടമകൾ നേരത്തെ അറിഞ്ഞിരുന്നു എന്നാണ് പ്രധാന ആരോപണം. വനം വകുപ്പിൽ നിന്നു തന്നെ ഈ വിവരം ലോറി ഉടമക്ക് രഹസ്യമായി ലഭിച്ചിരുന്നു എന്നാണ് നാട്ടുകാരും സംശയിക്കുന്നത്. ഇങ്ങനെ ആരോപണ ഉന്നയിക്കാനുള്ള പ്രധാന കാരണം കസ്റ്റഡിയിലെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വയനാട്ടിൽ നിന്നും പെരുമ്പാവൂരിലേക്ക് ലോഡുമായി പോയി വന്ന ലോറി കസ്റ്റഡിയിലെടുക്കുന്ന ദിവസം സഞ്ചാരയോഗ്യമല്ലായിരുന്നു എന്നതാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥർ ലോറി കസ്റ്റഡിയിലെടുക്കുമ്പോൾ ലോറിയുടെ എഞ്ചിൻ പ്രവർത്തിക്കാത്ത നിലയിലായരുന്നു. ടയറുകൾ ഊരിമാറ്റി ഉപയോഗ ശൂന്യമായ ടയറുകളാണ് ലോറി കസ്റ്റഡിയിലെടുക്കുമ്പോൾ ഉണ്ടായിരുന്നത്. അതിനാൽ തന്നെ കൊടുവള്ളയിൽ നിന്നും വയനാട്ടിലേക്ക് ക്രെയിൻ ഉപയോഗിച്ചാണ് കസ്റ്റഡിയിലെടുത്ത ലോറി കൊണ്ടുപോയത്. ലോറി കസ്റ്റഡിയിലെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞവർ വാഹനത്തിന്റെ പ്രവർത്തന യോഗ്യമായ ഭാഗങ്ങൾ ഊരിമാറ്റി പകരം പ്രവർത്തന ക്ഷമമല്ലാത്ത മറ്റേതോ പഴയ വാഹനത്തിന്റെ പാർടുസകൾ ഘടിപ്പിക്കുകയാണ് ചെയ്തത്.

ബുധനാഴ്ചയാണ് വയനാട്ടിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ കോഴിക്കോട് കൊടുവള്ളിക്ക് സമീപത്തെ മാനിപുരത്ത് നിന്നും ലോറി കസ്റ്റഡിയിലെടുത്തത്. കുന്ദമംഗലം സ്വദേശിയുടേതാണ് ലോറി. മാനിപുരത്തുള്ള ഡ്രൈവറുടെ വീടിന് സമീപത്ത് നിന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്. വയനാട്ടിൽ നിന്നുള്ള വനം വകുപ്പ് സംഘം കോഴിക്കോടെത്തി കസ്റ്റഡിയിലെടുക്കുന്ന സമയത്ത് കോഴിക്കോട് ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നുമില്ല. കസ്റ്റഡിയിലെടുക്കാൻ വന്ന സംഘത്തിൽ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. ഇതെല്ലാമാണ് ലോറി കസ്റ്റഡിയിലെടുത്തതിന് പിന്നിലും ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമങ്ങളുണ്ടോ എന്ന സംശയത്തിലേക്ക് എത്തിക്കുന്നത്.

അതേ സമയം മുട്ടിൽ മരംകൊള്ള കേസ് അന്വേഷിക്കുന്ന ഉന്നത തല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത് ഐപിഎസ് നയിക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ക്രൈംബ്രാഞ്ച്, വിജിലൻസ്, വനം വകുപ്പ് പ്രതിനിധകൾ എന്നിവരടങ്ങിയ സംയുക്ത അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഈ സംയുക്ത അന്വേഷണ സംഘത്തിന്റെ ചുമതലയാണ് എസ് ശ്രീജിത് ഐപിഎസിന് നൽകിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹം അടുത്ത ദിവസങ്ങളിൽ തന്നെ മരം മുറിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തുമെന്നാണ് സൂചന.