എറണാകുളം: മുട്ടിൽമരം മുറിക്കേസിൽ പ്രതിയായ വയനാട് സ്വദേശി റോജി അഗസ്റ്റിനെതിരെ കുരുക്കുമുറുക്കി സർക്കാർ.റോജിയുടെ പേരിൽ ആകെ 43 കേസുകളാണുള്ളതെന്നും നിലവിൽ 37 കേസുകൾ ഉണ്ടെന്നും സർക്കാറിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്ക്യൂഷൻ ടി.എ. ഷാജി ഹൈക്കോടതിയെ അറിയിച്ചു.ഒരുകേസിൽ റോജിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണനയ്ക്ക് വന്നപ്പോഴാണ് സർ്ക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

വനഭൂമിയിലോ സർക്കാർഭൂമിയിലോ ഉൾപ്പെട്ട സ്ഥലത്തുനിന്നല്ല ഈട്ടിമരം മുറിച്ചതെന്നാണ് റോജി പറയുന്നത്.വനംവകുപ്പും റവന്യൂവകുപ്പും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണെന്നും ഇയാൾ വാദിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട കൂടുതൽരേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും റോജി അറിയിച്ചു. റോജിക്ക് ഇടക്കാല മുൻകൂർജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയും കോടതിയിലുണ്ട്. 

സമാന പ്രതികരണം തന്നെയാണ് മറ്റു പ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.നിയമപരമായ നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതികൾ ചൂണ്ടിക്കാട്ടി. വനംവകുപ്പിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്തികളിൽ നിന്നാണ് തടികൾ വാങ്ങിയതെന്നും പ്രതികൾ വ്യക്തമാക്കി. റവന്യൂ-വനം വകുപ്പുകൾ തമ്മിൽ ഉള്ള പോരിൽ ബലിയാടാവുകയായിരുന്നുവെന്നും പ്രതികൾ ബോധിപ്പിച്ചു.കേസിൽ മതിയായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കോടതി രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി.

അതേസമയം കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആന്റോ, റോജി അഗസ്റ്റിൻ തുടങ്ങിയവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് പരിഗണിക്കുക