കോഴിക്കോട്: മുട്ടിൽ മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. നോർത്ത് സോണിലെ അന്വേഷണ ചുമതല നൽകിയാണ് ധനേഷ് കുമാറിനെ തിരിച്ചെടുത്തത്. വനംമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

മുട്ടിൽ മരം മുറിക്കേസിൽ പ്രതികൾക്കെതിരെ നിർണായക കണ്ടെത്തലുകൾ നടത്തി റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനാണ് ധനേഷ് കുമാർ. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരിൽ ഒരാൾ ധനേഷ്‌കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. ധനേഷ് കുമാറിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിൻ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. പിന്നീടത് പിൻവലിച്ചു. പിന്നാലെയാണ് ധനേഷിനെ അന്വേഷണസംഘത്തിൽ നിന്ന് മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. മാറ്റം ഭരണപരമായ കാരണം കൊണ്ടാണെന്നാണ് വനംവകുപ്പ് വിശദീകരിച്ചത്. എന്നാൽ ഇതിനെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് വനംമന്ത്രിയുടെ പ്രതികരണം.

പി. ധനേഷ് കുമാറിനെ അന്വേഷണസംഘത്തിൽ നിന്ന് മാറ്റി പുനലൂർ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതല നൽകിയിരുന്നു. വിവാദത്തെക്കുറിച്ച് വനം വകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ വനം വിജിലൻസ് ചീഫ് നിർദ്ദേശം നൽകിയതിനിടെയാണ് ഡിഎഫ്ഒയെ അന്വേഷണസംഘത്തിൽനിന്ന് പി ധനേഷ് കുമാറിനെ മാറ്റിയത്.

മുട്ടിലിലെ മരങ്ങൾ നിയമവിരുദ്ധമായി കടത്തിയ ശേഷം അന്വേഷണം അട്ടിമറിക്കാൻ പ്രതി റോജി അഗസ്റ്റിൻ സൗത്ത് വയനാട് ഡിവിഷണൽ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായി ചേർന്ന് വ്യാജരേഖ ചമച്ചെന്ന നിർണായക കണ്ടെത്തൽ നടത്തിയ ഉദ്യാഗസ്ഥനാണ് ധനേഷ് കുമാർ. മരം കടത്തിന് പ്രതികൾ നടത്തിയ ഇടപെടലടങ്ങിയ വിശദ റിപ്പോർട്ട് വനം വകുപ്പിന് സമർപ്പിച്ചിരുന്നു.

ഇതിന് ശേഷമാണ് എറണാകുളം തൃശൂർ ജില്ലകളിലെ മരം കൊള്ളയെക്കുറിച്ച് വനം വകുപ്പ് രൂപം നൽകിയ പ്രത്യക അന്വേഷണസംഘത്തിന്റെ ചുമതല ഇദ്ദേഹത്തിന് നൽകിയത്.വയനാടിന് പിന്നാലെ വ്യാപകമായി മരം മുറി നടന്നെന്ന് ആക്ഷേപം ഉയർന്ന ഈ രണ്ടു ജില്ലകളിലെ വനം കൊള്ളയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനകമാണ് സ്ഥാന ചലനം ഉണ്ടായത്.ഭരണപരമായ കാരണങ്ങൾ കൊണ്ടാണ് മാറ്റമെന്നാണ് ചീഫ് കൺസർവേറ്റർ ഗംഗസ്സിങ് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.