കൊച്ചി: മുട്ടിൽ മരംകൊള്ളയിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞത് എവിടെയെന്ന കാര്യവും അന്വേഷിക്കാൻ അന്വേഷണ സംഘം. പൊലീസ് നടപടികളും അറസ്റ്റും ഒഴിവാക്കാൻ 2 മാസത്തോളം ഒളിവിൽ കഴിഞ്ഞത് എവിടെയെന്ന് കണ്ടെത്താനാണ് പ്ര്‌ത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം. ഹൈക്കോടതി ജാമ്യഹർജി തള്ളിയതിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്നപ്പോൾ ഇവർക്കു സഹായങ്ങൾ നൽകിയിരുന്നവരെയും കണ്ടെത്തുകയാണ് ലക്ഷ്യം.

ഇതിനിടെ റിപ്പോർട്ടർ ടിവി ഇവർക്കെതിരെ പരാതി നൽകിയിരുന്നു. പ്രതികൾ റിപ്പോർട്ടൽ ചാനലിന്റെ ഓഫീസിൽ സൂക്ഷിച്ച ഇവരുടെ സാധനസാമഗ്രികൾ നീക്കം ചെയ്യാനുള്ള നടപടികളാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതി എത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഇതോടെ അഗസ്റ്റിൻ സഹോദരങ്ങളുടെ സാധനങ്ങൾ റിപ്പോർട്ടറിൽ എത്തിയതിനെ കുറിച്ചും കൂടുതൽ അന്വേഷണം വേണ്ടി വരും. ഇവർ ഒളിവിൽ കഴിഞ്ഞത് ചാനലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണോ ന്നും അന്വേഷിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ..

അനധികൃതമായ താമസത്തിനാണ് കളമശേരി പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃതമായി വെട്ടിയ ഈട്ടിത്തടി കൂറ്റൻ ട്രക്കിൽ ചുരമിറക്കിയ ഫെബ്രുവരി 3ന് അഗസ്റ്റിൻ സഹോദരന്മാർ വാഹനത്തിന് എസ്‌കോർട്ട് പോയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. എറണാകുളത്തെ ഒരു ചാനലിന്റെ ഡ്രൈവറായ വിനീഷ് ചുരത്തിലെ രണ്ടാം വളവു വരെ ലോറിയിൽ സഞ്ചരിച്ചിരുന്നതായി മൊഴി നൽകിയിട്ടുമുണ്ട്. എറണാകുളം കരിമുകളിലെ മില്ലിൽ തടി എത്തിക്കുമ്പോൾ ലഭിക്കുന്ന പണം എറണാകുളത്ത് കൈമാറണമെന്ന നിർദ്ദേശം ലഭിച്ചിരുന്നതായും ഇയാളുടെ മൊഴിയുണ്ട്. എന്നാൽ പണം ആന്റോ അഗസ്റ്റിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് മില്ലുടമ ചെയ്തത്.

ഇതുൾപ്പെടെ അഗസ്റ്റിൻ സഹോദരന്മാരുടെ അക്കൗണ്ടിൽ എത്തിയ 1.40 കോടി രൂപയിൽ ഇപ്പോൾ 2000 രൂപ മാത്രമാണ് ബാക്കിയുള്ളതെന്നു വനം വകുപ്പിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട് എന്നു മൊഴി നൽകിയ വിനീഷ് ഒളിവിൽ കഴിഞ്ഞിരുന്നത് കളമശേരിയിലെ ഒരു ഓഫിസിലായിരുന്നു. ഈ മൊഴികളെ തുടർന്നാണ് അഗസ്റ്റിൻ സഹോദരന്മാർ 2 മാസത്തോളം എവിടെയാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പ്രത്യേക സംഘം അന്വേഷിക്കുന്നത്.

നേരത്തെ മുട്ടിൽ മരംമുറി കേസ് പ്രതികളുമായി ഒരു ബന്ധവുമില്ലെന്ന് വിശദീകരിച്ചിരുന്ന ചാനലാണ് റിപ്പോർട്ടർ ടിവി. റിപ്പോർട്ടർ ചാനലിൽ റോജി അഗസ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കാര്യം വനം വകുപ്പിന്റെ ആദ്യ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനെതിരെ വക്കീൽ നോട്ടീസിലൂടെ നിയമ നടപടിക്കും ശ്രമിച്ചിരുന്നു റിപ്പോർട്ടർ ടിവി.

കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത് നികേഷ് നേരിട്ടായിരുന്നു. പ്രതികൾ റിപ്പോർട്ടൽ ചാനലിന്റെ ഓഫീസിൽ സൂക്ഷിച്ച ഇവരുടെ സാധനസാമഗ്രികൾ നീക്കം ചെയ്യാനുള്ള നടപടികളാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2012 ജൂൺ പത്തിന് നൽകിയ വക്കീൽ നോട്ടീസിന് വിരുദ്ധമാണ് ഇപ്പോഴത്തെ പരാതി.

വയനാട് അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് ചാനലിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമനടപടിയുമായി റിപ്പോർട്ടർ ടിവി രംഗത്ത് വന്നതായിരുന്നു ജൂണിലെ വാർത്ത. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ഡി കെ വിനോദ് നൽകിയ റിപ്പോർട്ടിലെ അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അഭിഭാഷകൻ സെബാസ്റ്റ്യൻ പോൾ മുഖേന അയച്ച വക്കീൽ നോട്ടീസിൽ റിപ്പോർട്ടർ ടിവി വ്യക്തമാക്കിയിരുന്നു.

കേസിലെ പ്രതികളിൽ ഒരാളായ റോജി അഗസ്റ്റിൽ റിപ്പോർട്ടർ ന്യൂസ് ചാനലിന്റെ ഓഹരിയുടമയാണെന്ന ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ട് വസ്തുതക്കൾക്ക് നിരക്കാത്തതാണ്. റോജി അഗസ്റ്റിൻ ഓഹരിയുടമ അല്ല. റിപ്പോർട്ടർ ടിവിയുടെ മാതൃ കമ്പനിയായ ഇന്തോഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി സംബന്ധമായ വിവരങ്ങൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്-ഇതായിരുന്നു വക്കീൽ നോട്ടീസിലെ പരാമർശം. എന്നാൽ ഇപ്പോൾ പൊലീസിന് നൽകിയ പരാതിയിലുള്ളത് അഗസ്റ്റിൻ സഹോദരങ്ങളുമായുള്ള ചാനലിന്റെ ബന്ധമാണ്.

വയനാട്ടിലെ മുട്ടിലിൽ നടന്ന വനം കൊള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിന് എല്ലാ ഒത്താശകളും ചെയ്തത് റിപ്പോർട്ടർ ചാനലാണെന്ന ആരോപണം പരിവാർ ബന്ധമുള്ള ജനം ടിവി അടക്കം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വാർത്ത നൽകി പ്രധാന പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച റിപ്പോർട്ടർ ചാനലിന് ഇതിനു പകരമായി റോജി അഗസ്റ്റിൻ കോടികളുടെ കടം തീർത്തെന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഓഹരിയുടമകളിൽ ഒരാളാണ് റോജി അഗസ്റ്റിനെന്ന് ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജനം ടിവി മുമ്പ് ഈ വാർത്ത കൊടുത്തത്.

ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരെ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്‌പെഷൽ ബ്രാഞ്ചിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായപ്പോൾ ആലുവ ഗെസ്റ്റ് ഹൗസിൽ വച്ച് ഉയർത്തിയ ഭീഷണി കഴിഞ്ഞ ദിവസം മാനന്തവാടി സബ്ജയിലിലും പ്രതികൾ ആവർത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥരായ ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ് കുമാർ, റേഞ്ച് ഓഫിസർ എം.കെ. സമീർ എന്നിവരെയും ചില മാധ്യമപ്രവർത്തകരെയും പാഠം പഠിപ്പിക്കുമെന്നാണു ഭീഷണി. ഇതു സംബന്ധിച്ച് ധനേഷ് കുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതി സ്‌പെഷൽ ബ്രാഞ്ചിന് കൈമാറി.

കുറ്റിപ്പുറത്ത് പിടിയിലായ ശേഷം ആലുവ ഗെസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് ധനേഷ് കുമാറിനെതിരെ പ്രതികൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെ ഭീഷണി മുഴക്കിയത്. അന്നു തന്നെ ധനേഷ്, പരാതി രേഖാമൂലം പ്രത്യേക സംഘത്തിലെ വനംവകുപ്പ് പ്രതിനിധിക്കു നൽകിയിരുന്നു. കഴിഞ്ഞ ദിവസം മാനന്തവാടി സബ് ജയിലിൽ റേഞ്ച് ഓഫിസർ സമീർ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതികൾ ഭീഷണി ആവർത്തിച്ചത്.