കൊച്ചി: വിവാദമായ മുട്ടിൽ മരംമുറി കേസിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും സർക്കാർ നിഷ്‌ക്രിയത്തമാണ് ഇക്കാര്യത്തിലെന്നും കോടതി വിമർശിച്ചു. മുട്ടിൽ മരം മുറിക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി ജോർജ് വട്ടുകുളം നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. 701 കേസുകളാണ് മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എന്നാൽ ഒരു കേസിൽ പോലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്ന് നിഷ്‌ക്രിയത്വമാണ് ഇത് കാണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റുചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് കോടതിയെ ചൊടിപ്പിച്ചത്. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രതികളെ പിടികൂടാൻ കഴിയാത്തതെന്ന് എജി കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദം കോടതി തള്ളി.

701 കേസുകളാണ് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്. ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാൾ ജാമ്യം നേടിയിരുന്നു എന്ന ദുർബലമായ വാദമാണ് എജിയുടെ ഭാഗത്ത് നിന്ന് മറുപടിയായി ഉണ്ടായത്. ഇത് 'യൂണിവേഴ്‌സൽ പ്രതിഭാസ'മാണോ എന്നായിരുന്നു കോടതിയുടെ പരിഹാസം.

ഒരാൾക്ക് ജാമ്യം കിട്ടി എന്നുപറഞ്ഞ് മറ്റുള്ളവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ഇത് തെളിവുനശിപ്പിക്കുന്നതിന് ഇടയാക്കും. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ മുദ്രവെച്ച കവറിൽ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. എല്ലാം സുതാര്യമായിരിക്കണമെന്നും അതിനാൽ മുദ്ര വെച്ച കവറിൽ അല്ലാതെ സത്യവാങ്മൂലം സമർപ്പിക്കണമെന്നുമാണ് കോടതി നിർദേശിച്ചത്. അതുകൊണ്ട് തിങ്കളാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കേണ്ടതായി വരും.

മരം മുറി സംബന്ധിച്ച് മറ്റൊരു നിരീക്ഷണവും കോടതി നടത്തി. 300ൽ അധികം മരങ്ങൾ നഷ്ടപ്പെട്ടു. ഇത് കർഷകർ നട്ട മരങ്ങളല്ല. നടന്നിരിക്കുന്നത് വളരെ കൃത്യമായ മോഷണമാണ്. എന്നിട്ടും എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന ചോദ്യം കോടതി ആവർത്തിച്ചുചോദിച്ചു.