മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കോൺഗ്രസ് - സിപിഎം. സംഘർഷത്തിൽ അറസ്റ്റിലായ ശേഷം ജാമ്യം നേടി വീട്ടിലെത്തിയ നഗരസഭാ കൗൺസിലർക്കു നേരെ ആക്രമണം. മൂവാറ്റുപുഴ നഗരസഭ ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് കൗൺസിലർ അമൽ ബാബുവിനെയാണ് (27) ആക്രമിച്ചത് . തലയ്ക്കും കൈകൾക്കും നെഞ്ചിലും പരുക്കേറ്റ ഇദ്ദേഹത്തെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്നു അമൽ ബാബു പൊലീസിനു മൊഴി നൽകി.

ഇന്നലെ വൈകിട്ട് ആറോടെയാണ് കടാതിയിൽ അമൽ തനിച്ചു താമസിക്കുന്ന വീട്ടിൽ എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. കൈകൾ പിറകിൽ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കിയിൽ എൻജിനീയറിങ് വിദ്യാർത്ഥി ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും ബുധനാഴ്ച നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു.

ഡിവൈ.എസ്‌പി. ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കും രണ്ട് കോൺഗ്രസ് പ്രവർത്തകർക്കും മൂന്ന് സിപിഎം. പ്രവർത്തകർക്കുമാണ് കല്ലേറിൽ പരിക്കേറ്റത്. കോൺഗ്രസ് പ്രകടനത്തിനിടെ ഇടതുപക്ഷ സംഘടനകളുടെ കൊടിമരങ്ങളും ബോർഡുകളും തകർത്തു. സിപിഎം. പ്രവർത്തകർ പ്രകടനത്തിനിടെ എംഎ‍ൽഎ. ഓഫീസിലേക്ക് പടക്കമെറിയുകയും ചെടിച്ചട്ടികൾ തകർക്കുകയും ചെയ്തു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റേയും പോഷക സംഘടനകളുടേയും കൊടിമരങ്ങളും കട്ടൗട്ടുകളും ബാനറുകളും നശിപ്പിച്ചിരുന്നു.

സംഘർഷം സൃഷ്ടിച്ചതിനു പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസുകളിലെ പ്രതി ചേർത്തിരുന്ന അമൽ ബാബുവിനെ വ്യാഴാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി തന്നെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ അമൽ ബാബുവിനെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ജാമ്യം ലഭിച്ചിരുന്നു.