കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെകെ ശൈലജ തുടങ്ങി ആരോഗ്യ പ്രവർത്തകരടക്കം എല്ലാവർക്കും നന്ദി അറിയിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കോവിഡ് മുക്തനായതിന് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന എംവി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എല്ലാവർക്കും നന്ദി പറയുന്നത്.

ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുകയാണ്. നിരന്തരമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥിതി പൂർവസ്ഥിതിയിലാക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെകെ ശൈലജ, ആരോഗ്യ വകുപ്പ്, കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, സിപിഎം-എൽഡിഎഫ് നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർക്കും ജയരാജൻ നന്ദി അറിയിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോവിഡ് ബാധിച്ചതിനെ തുടർന്ന് ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കോവിഡ് ന്യൂമോണിയ ഉൾപ്പെടെ ബാധിച്ച് ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി പറയുകയാണ്. നിരന്തരമായി ബന്ധപ്പെട്ട് കൊണ്ട് എന്റെ ആരോഗ്യസ്ഥിതി പൂർവ്വസ്ഥിതിയിലെത്തിക്കാൻ നേതൃത്വം കൊടുത്ത കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി സ. പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി സ. കെ.കെ. ശൈലജ ടീച്ചർ എന്നിവർക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും പ്രത്യേകിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, പരിയാരം എന്നിവിടങ്ങളിലെ ഡോക്ടർമാർ , നേഴ്‌സുമാർ തുടങ്ങിയവർക്കും മന്ത്രിമാരടക്കമുള്ള സിപിഐഎം-എൽ ഡി എഫ് നേതാക്കൾക്കും പ്രവർത്തകർക്കും മറ്റു പാർട്ടികളിലെ സുഹൃത്തുക്കൾക്കും കലക്ടറടക്കമുള്ള ഉദ്യോഗസ്ഥന്മാർക്കും അഭ്യുദകാംക്ഷികൾക്കും
നന്ദി അറിയിക്കുന്നു.