യാങ്കൂൺ: മ്യാന്മറിൽ നരനായാട്ട് തുടർന്ന് പട്ടാള ഭരണകൂടം. സൈനികർ നടത്തിയ വെടിവയ്പിൽ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ചയുമായി 80 പേർ കൊല്ലപ്പെട്ടതായി അസിസ്റ്റന്റ്‌സ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്‌സ് (എഎപിപി) മോണിറ്ററിങ് ഗ്രൂപ്പിന്റെ വെളിപ്പെടുത്തൽ. യാങ്കൂണിന് സമീപമുള്ള ബാഗോ പട്ടണത്തിലാണ് ഇത്രയധികം പേർ സൈനികരുടെ വെടിവയ്പിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം.

സൈനിക നടപടികളിൽ 82 പേർ കൊല്ലപ്പെട്ടതായി മ്യാന്മർ നൗ ന്യൂസ് പോർട്ടലും റിപ്പോർട്ട് ചെയ്തു. രാജ്യത്തു വാർത്താവിലക്കു കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പട്ടാള ഭരണകൂടം ബ്രോഡ്ബാൻഡ് സർവീസ് തടഞ്ഞിരുന്നു. വിദേശ ചാനൽ പരിപാടികൾ ലഭ്യമാക്കിവന്ന സാറ്റലൈറ്റ് ഡിഷുകളും പിടിച്ചെടുത്തു തുടങ്ങി.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ജനാധിപത്യം അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനെതിരെ രാജ്യത്ത് പലയിടത്തും വിദ്യാർത്ഥികളും സാധാരണക്കാരും ഉൾപ്പെടെയുള്ളവർ പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭകാരികൾക്കെതിരായ നടപടികളിൽ 614 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ജനകീയ നേതാവ് ഓങ് സാൻ സൂചി ഉൾപ്പെടെ 2,800 ഓളം പേർ കരുതൽ തടങ്കലിലാണ്.