കാസർകോട്: തനിക്ക് വോട്ട് ചെയ്യാതിരിക്കാൻ വ്യാപകമായി പണം നൽകിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കാസർകോട് എം എൽ എ എൻ.എ നെല്ലിക്കുന്ന്. കാസർകോട് നിയോജക മണ്ഡലത്തിലടക്കം ഇത്തരത്തിൽ വ്യാപകമായി പണം നൽകിയെന്നാണ് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം കാസർകോട് മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ വോട്ട് ചെയ്യാതിരിക്കാനാണ് വീടുകളിൽ ചെന്ന് പണം വിതരണം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിലാണ് എംഎ‍ൽഎ ആരോപണം ഉന്നയിച്ചത്. മധൂർ പഞ്ചായത്തിലെ ബൂത്ത് നമ്പർ 46ന്റെ പരിധിയിൽ ഇത്തരത്തിൽ പണം വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ഏതു പാർട്ടിക്കാരാണതെന്ന് വെളിപ്പെടുത്തുവാൻ എം എൽ എ തയാറായിട്ടില്ല.

മധൂർ പഞ്ചായത്തിലെ ഇസ്സത്ത്നഗർ, ഓൾഡ് ചൂരി, ബട്ടംപാറ എന്നീ പ്രദേശങ്ങളിൽ ജനാധിപത്യ വിരുദ്ധമായ ഈ ഹീനകൃത്യം അരങ്ങേറിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. അന്വേഷണം ഏർപ്പെടുത്തിയാൽ തെളിവുകൾ ഹാജരാക്കാൻ മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാരിസ് ചൂരി തയ്യാറാണെന്നും എൻ.എ നെല്ലിക്കുന്ന് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസർക്കും എംഎ‍ൽഎ പരാതി നൽകിയിട്ടുണ്ട്.

ഇസ്സത്ത്നഗർ, ഓൾഡ് ചൂരി, ബട്ടംപാറ മേഖലകളിൽ ഒരു ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ ഏജന്റുമാരാണ് തുക വിതരണം ചെയ്തതെന്നും എന്നാൽ മുസ്ലിംലീഗ് പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കാരണം പ്രാവർത്തികമായില്ലെന്നും ഹാരിസ് ചൂരിയുടെ പരാതിയിൽ ഉണ്ടെന്നും നെല്ലിക്കുന്ന് പറയുന്നു.

അതേസമയം, എൻ.എ നെല്ലിക്കുന്ന് എം എൽ എക്ക് കൃത്യമായ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ഉന്നയിക്കാത്തതെന്ന് ചോദ്യം ഉയരുകയാണ്. ജനാധിപത്യ വിരുദ്ധമായ പ്രവർത്തനം നടന്നിടുണ്ടെങ്കിൽ എന്തിനാണ് ഈ പുകമറയ്ക്കുള്ളിൽ നിന്നുള്ള പരാതിയെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. കൊടകര കുഴൽ പണക്കേസിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ ഉദ്ദേശിച്ചാണ് നെല്ലിക്കുന്ന് ആരോപണം ഉന്നയിക്കുന്നതെന്നും സൂചനയുണ്ട്.