തിരുവനന്തപുരം: രണ്ടുവള്ളത്തിൽ കാല് വച്ചാണ് ഇപ്പോൾ ആർഎസ്‌പിയുടെ നിൽപ്പ്. ഇടയ്ക്ക് യുഡിഎഫിനെ ഒന്നു വിരട്ടി നോക്കി. പിന്നീട് തിങ്കളാഴ്ച ചർച്ചയ്ക്ക് വിളിച്ചതോടെ മയപ്പെട്ടു. തൽക്കാലം യുഡിഎഫിൽ തുടരും. ഇതിനിടെയിൽ സംസാരം ആർഎസ്‌പിയുടെ എൽഡിഎഫ് പുനഃ പ്രവേശനത്തിന് തടസ്സം എൻ.കെ.പ്രേമചന്ദ്രൻ ആണെന്നതാണ്. അതിൽ സത്യം വല്ലതും ഉണ്ടോ? ഷിബു ബേബി ജോൺ ആകട്ടെ, ചവറയിലെ തോൽവിയോടെ, ആകം രാഷ്ട്രീയ മനംമടുപ്പിലാണ്. നേതാക്കൾ എല്ലാം അസ്വസ്ഥരായി ഉഷാറില്ലാതെ നിൽക്കുന്ന സാഹചര്യത്തിൽ ആർഎസ്‌പിയുടെ രാഷ്ട്രീയ ഭാവി വിശദീകരിക്കുകയാണ് എൻ.കെ.പ്രേമചന്ദ്രൻ മനോരമ ഓൺലൈനിൽ സുജിത് നായർക്ക് നൽകിയ അഭിമുഖത്തിൽ. അതിൽ ഏറ്റവും പ്രധാനം പിണറായി വിജയന്റെ പരനാറി പ്രയോഗത്തിന്റെ പേരിൽ, തനിക്ക് അദ്ദേഹത്തോട് അകൽച്ചയില്ല എന്ന പ്രേമചന്ദ്രന്റെ നിലപാടാണ്. അത് പിണറായിയുടെ രാഷ്ട്രീയ പരാമർശം മാത്രമായി കാണുന്ന പ്രേമചന്ദ്രൻ താൻ ആർഎസ്‌പിയുടെ എൽഡിഎഫ് പ്രവേശനത്തിന് തടസ്സമല്ലെന്നും പറയുന്നു.

പിണറായിയുടെ പരനാറി പ്രയോഗം

2014 ലെ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ ഇടതു ചേരിയിലുണ്ടായിരുന്ന ആർഎസ്‌പിയും എൻ കെ പ്രേമചന്ദ്രനും മുന്നണി വിട്ട് യുഡിഎഫിലെത്തുകയും എൽഡിഎഫിനെതിരെ കൊല്ലത്ത് മത്സരത്തിനിറങ്ങുകയും ചെയ്തതാണ് അന്ന് പിണറായിയെ ചൊടിപ്പിച്ചത്.

'തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ സ്ഥാനാർത്ഥികളെ വ്യക്തിപരമായി പറയുകയെന്നത് സാധാരണയായി സ്വീകരിക്കുന്ന രീതിയല്ല. പക്ഷെ പരനാറിയായൽ എങ്ങനെ പറയാതിരിക്കും' എന്നായിരുന്നു പിണറായി വിജയന്റെ വിവാദ പരാമർശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ ചർച്ചയായി 'പരനാറി' പ്രയോഗം മാറി. തുടർന്ന് വലിയ വിമർശനമാണ് പിണറായിക്ക് നേരിടേണ്ടി വന്നത്. എം എ ബേബിയുടെ തോൽവിക്ക് കാരണം പിണറായിയുടെ ഈ പരമാർശമാണെന്ന് പാർട്ടിക്കുള്ളിൽ നിന്ന് പോലും വിമർശനമുണ്ടായി.

അഞ്ച് വർഷങ്ങൾക്ക് ശേഷം 2019 ലും പിണറായി തന്റെ പഴയ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. അന്നത്തെ 'പരനാറി' പ്രയോഗത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞ പിണറായി 2014 ൽ പ്രേമചന്ദ്രനും ആർഎസ്‌പിയും കാണിച്ചത് രാഷ്ട്രീയ നെറികേടാണെന്നും ഒരിക്കൽക്കൂടി ആവർത്തിച്ചു.

'ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്.

'നെറിയും നെറികേടും വിലയിരുത്താനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്; പരനാറി പ്രയോഗത്തിന് ജനം മറുപടി പറയും' എന്നാണ് എൻ കെ പ്രേമചന്ദ്രൻ പിണറായിക്ക് മറുപടി പറഞ്ഞത്. പിണറായി വിജയൻ സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ലെന്നും കേരളത്തന്റെ മുഴുവൻ മുഖ്യമന്ത്രിയായിരിക്കുന്ന ഒരാൾ ഇത്തരമൊരു പരാമർശം നടത്തുന്നത് യുക്തിസഹമാണോയെന്ന് പിണറായി ആത്മ പരിശോധന നടത്തണമെന്നും പ്രേമചന്ദ്രൻ തിരിച്ചടിച്ചു.

പരനാറി പ്രയോഗത്തിന്റെ പേരിൽ അകൽച്ച ഉണ്ടായില്ലെന്ന് പ്രേമചന്ദ്രൻ

കാലം മാറി, രാഷ്ട്രീയം മാറി. ഇന്നിപ്പോൾ ആർഎസ്‌പി യുഡിഎഫിൽ വീർപ്പുമുട്ടുകയാണ്. നേരത്തെ എൽഡിഎഫിലും ഈ അനുഭവം ഉണ്ടായിരുന്നു. എന്നിരുന്നാലും എൽഡിഎഫിനെ പല കാര്യങ്ങളിലും മാതൃക ആക്കാമെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. പിണറായിയുടെ പരനാറി പ്രയോഗത്തിന്റെ പേരിൽ അകൽച്ച ഉണ്ടായിട്ടില്ല. ആ പ്രയോഗത്തെ അന്നും ഇന്നും രാഷ്ട്രീയമായിട്ടുതന്നെയാണ് കാണുന്നത്. പൊതു രംഗത്ത് നിൽക്കുന്നവർ ആയതിനാൽ പിന്നീടും പലവട്ടം കാണുകയും സൗഹൃദത്തോടെ സംസാരിക്കുകയും ചെയ്തു. തന്റെ മകന്റെ കല്യാണത്തിന് പിണറായി വന്നു. ഡൽഹിയിൽ കുളിമുറിയിൽ വീണ് ആശുപത്രിയിൽ ആയിരുന്നപ്പോൾ തന്നെ വിളിച്ചു ക്ഷേമം അന്വേഷിച്ചുവെന്നും വ്യക്തിപരമായ പകയും വിദ്വേഷവും ഇല്ലെന്നും പ്രേമചന്ദ്രൻ പറയുന്നു. പരനാറി പ്രയോഗത്തിൽ പിണറായിക്ക് വിഷമം ഉള്ളതായി തോന്നിയിട്ടില്ലെന്നും അത് ആവർത്തിച്ച സാഹചര്യത്തിൽ മാറ്റേണ്ട കാര്യമില്ല എന്നായിരിക്കും അദ്ദേഹത്തിന്റെ വിശ്വാസമെന്നും പ്രേമചന്ദ്രൻ പറയുന്നു.

എന്നാൽ, പരനാറി പ്രയോഗം കേട്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നുവെന്നും താൻ സ്വീകരണ വണ്ടിയിൽ നിൽക്കുമ്പോൾ ഭാര്യയാണ് വിളിച്ചു പറയുന്നതെന്നും കേട്ടപ്പോൾ സ്തംഭിച്ചു പോയെന്നും പ്രേമചന്ദ്രൻ പറയുന്നു. തനിത്ത് മാനസികമായ ആഘാതംതന്നെ ഉണ്ടാക്കി. രാഷ്ട്രീയത്തിൽ വൈരനിര്യാതന ബുദ്ധി വച്ചുപുലർത്തിയിട്ടു കാര്യമില്ലെന്നും എൽഡിഎഫ് പ്രവേശത്തിന് അത് തടസ്സമല്ലെന്നും മനോരമ അഭിമുഖത്തിൽ പ്രേമചന്ദ്രൻ പറഞ്ഞു.

കടപ്പാട്: മനോരമ